
യുപി: ഉത്തർപ്രദേശിലെ പിലിഭിത്തിൽ സമൂസയെച്ചൊല്ലി ദമ്പതികൾക്കിടയിൽ ഉണ്ടായ തർക്കത്തില്‍ ഭർത്താവിന് ഭാര്യവീട്ടുകാരുടെ ക്രൂരമർദനം.
പിലിഭിത്ത് ആനന്ദ്പുർ സ്വദേശിയായ ശിവം കുമാറിനെയാണ് ഭാര്യവീട്ടുകാർ മർദിച്ചത്. ശിവംകുമാറിന്റെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ ഭാര്യ സംഗീതയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തു.
പോലീസ് നൽകിയ വിവര പ്രകാരം, ഓഗസ്റ്റ് 30 മുതലാണ് സംഭവങ്ങളുടെ തുടക്കം. ഭർത്താവിനോട് സമൂസ വാങ്ങിക്കൊണ്ടുവരണമെന്ന് സംഗീത പറഞ്ഞിരുന്നു. എന്നാല്‍, സമൂസ വാങ്ങാതെയാണ് ശിവംകുമാർ അന്നേദിവസം വീട്ടിലെത്തിയത്. കാരണം ചോദിച്ചപ്പോൾ വാങ്ങാൻ മറന്നുപോയെന്നായിരുന്നു ഇയാള്‍ നല്‍കിയ മറുപടി. ഇതോടെ ദമ്പതിമാർ തമ്മില്‍ വലിയരീതിയിലുള്ള വാക്കുതർക്കമുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിറ്റേദിവസം സംഗീത തന്റെ മാതാപിതാക്കളെ ഈ വിവരം അറിയിക്കുകയും ഇവരെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയുംചെയ്തു. തുടർന്ന് സംഗീതയുടെ മാതാപിതാക്കളും ബന്ധുക്കളും ശിവംകുമാറുമായി സംസാരിച്ചു. പ്രശ്നം ഒത്തുതീർപ്പായെന്ന് കരുതിയെങ്കിലും ഇതിനിടെ സംഗീതയും മാതാപിതാക്കളും ബന്ധുക്കളായ മറ്റുള്ളവരും ചേർന്ന് ശിവംകുമാറിനെ മർദിച്ചെന്നാണ് പരാതി. പ്രതികള്‍ ശിവംകുമാറിനെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തെന്നും പരാതിയില്‍ പറയുന്നു.
മർദനത്തില്‍ പരിക്കേറ്റ ശിവംകുമാറിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് ശിവംകുമാറിന്റെ അമ്മ പോലീസില്‍ പരാതി നല്‍കിയത്. അതേസമയം, ശിവംകുമാറിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് പിലിഭിത്ത് എസ്‌എസ്പി അഭിഷേക് യാദവ് പറഞ്ഞു. സമൂസയെച്ചൊല്ലിയുള്ള തർക്കമാണ് മർദനത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമികവിവരമെന്നും എന്നാല്‍, മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, വീട്ടിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.