
തിരുവനന്തപുരം: പൂക്കടയില്‍വെച്ച് നടന്ന സംഘർഷത്തിൽ തമിഴ്നാട് സ്വദേശിക്ക് കുത്തേറ്റു. തമിഴ്നാട് തെങ്കാശി സ്വദേശി അനീസ്കുമാറി(36)നാണ് കുത്തേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 1.15 ന് നെടുമങ്ങാട് കച്ചേരി ജങ്ഷനില്‍ പ്രവർത്തിക്കുന്ന ‘സ്നേഹ ഫ്ളവർ മാർട്ട്’ എന്ന സ്ഥാപനത്തിലായിരുന്നു സംഭവം. കടയിലെ ജീവനക്കാരനായ കുമാർ എന്ന ‘കട്ടപ്പ’ കുമാറാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ ഇയാളെ പോലീസ് പിന്നീട് പിടികൂടി.
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് ആദ്യം പറഞ്ഞിരുന്നത്. രാജന് പൂവ് നല്‍കിയതുമായി ബന്ധപ്പെട്ട പണം വാങ്ങാനായാണ് അനീസ്കുമാർ കടയിലെത്തിയത്. തുടർന്ന് അനീസ്കുമാറും കടയുടമയും തമ്മില്‍ തർക്കമുണ്ടായി. ഇതിനിടെയാണ് കടയിലെ ജീവനക്കാരനായ കട്ടപ്പ കുമാർ പൂവ് മുറിക്കുന്ന കത്രിക ഉപയോഗിച്ച് അനീസ്കുമാറിന്റെ നെഞ്ചില്‍ കുത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ അനീസ് കുമാറിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ കടയുടമയായ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവില്‍പോയ കട്ടപ്പ കുമാറിനെ പിന്നീട് നെടുമങ്ങാട് മാർക്കറ്റ് പരിസരത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്. അതേസമയം, മദ്യപിച്ചതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും പറയപ്പെടുന്നുണ്ട്.