രാജ്യത്തെ ഞെട്ടിച്ച ധർമ്മസ്ഥല കൂട്ടക്കൊലക്കേസ് അന്വേഷണത്തില്‍ നിർണായകമായ വഴിത്തിരിവ്: കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്കരിച്ചെന്ന് സംശയിക്കുന്ന സ്ഥലങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് വെളിപ്പെടുത്താൻ തയ്യാറാണെന്ന് അറിയിച്ച്‌ ഒരു കൂട്ടം ഗ്രാമവാസികള്‍ രംഗത്തെത്തി.

Spread the love

ബംഗളൂരു: രാജ്യത്തെ ഞെട്ടിച്ച ധർമ്മസ്ഥല കൂട്ടക്കൊലക്കേസ് അന്വേഷണത്തില്‍ നിർണായകമായ വഴിത്തിരിവ്.
കൊല ചെയ്യപ്പെട്ടവരുടെ മൃതദേഹങ്ങള്‍ രഹസ്യമായി സംസ്കരിച്ചെന്ന് സംശയിക്കുന്ന സ്ഥലങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്താൻ തയ്യാറാണെന്ന് അറിയിച്ച്‌ ഒരു കൂട്ടം ഗ്രാമവാസികള്‍ രംഗത്തെത്തി. തദ്ദേശവാസിയായ തുക്കാറാം ഗൗഡ സമർപ്പിച്ച കത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. കേസിലെ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണത്തിന് സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത് ഗ്രാമീണർക്ക് ആത്മവിശ്വാസം നല്‍കിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

തുക്കാറാം ഗൗഡ സമർപ്പിച്ച കത്തില്‍, നിലവില്‍ സമൂഹത്തില്‍ വലിയ ഭയം നിലനില്‍ക്കുന്നുണ്ടെന്ന് പറയുന്നു. എന്നാല്‍ സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതോടെ, നീതി ലഭിക്കുമെന്നുള്ള വിശ്വാസം വർധിച്ചു. അതുകൊണ്ടാണ് അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാൻ തങ്ങള്‍ തയ്യാറായത് എന്നും കത്തില്‍ പറയുന്നു. കൊലപാതകങ്ങളെക്കുറിച്ചും ലൈംഗികാതിക്രമ ഇരകളെക്കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ മുൻ ശുചിത്വ തൊഴിലാളിയായ ചിന്നയ്യയെ കത്തില്‍ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

മാധ്യമ റിപ്പോർട്ടുകളിലൂടെ കണ്ട ചിന്നയ്യയെ തങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗ്രാമവാസികള്‍ അറിയിച്ചു. കൂടാതെ, ചിന്നയ്യ മൃതദേഹങ്ങള്‍ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി സംസ്കരിക്കുന്നത് നേരിട്ട് കണ്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
ഗ്രാമീണ പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങള്‍ രഹസ്യമായി നടന്നതാണെങ്കില്‍ പോലും അത് അധികകാലം മറച്ചുവെക്കാൻ കഴിയില്ലെന്ന് കത്ത് ചൂണ്ടിക്കാട്ടി. തങ്ങളുടെ ഗ്രാമത്തില്‍ രഹസ്യമായി നടക്കുന്ന കാര്യങ്ങള്‍ പോലും ഒടുവില്‍ പുറത്തുവരും എന്നും ഗ്രാമവാസികള്‍ പറയുന്നു. മാധ്യമങ്ങളില്‍ ചിന്നയ്യ വ്യാപകമായി നല്‍കിയ മൊഴി പിന്നീട് പിൻവലിച്ചതിലെ ആശയക്കുഴപ്പവും ഗ്രാമീണർ പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ മൊഴി പിൻവലിച്ചത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിവെക്കുന്നുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ സംഘത്തെ മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലങ്ങളിലേക്ക് നയിക്കാൻ തങ്ങള്‍ തയ്യാറാണെന്ന് ഗ്രാമവാസികള്‍ അറിയിച്ചു. കൊലപാതകങ്ങള്‍ നടത്തിയവർ മൃതദേഹങ്ങള്‍ മറവുചെയ്യാൻ മനഃപൂർവം ആളനക്കമില്ലാത്ത, ഒറ്റപ്പെട്ട സ്ഥലങ്ങളാണ് തിരഞ്ഞെടുത്തതെന്നും കത്തില്‍ വ്യക്തമാക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടി അന്വേഷണത്തോട് പൂർണ്ണ സഹകരണവും പിന്തുണയും നല്‍കാൻ തങ്ങള്‍

തയ്യാറാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ചിന്നയ്യയുടെ ആരോപണങ്ങളെ തുടർന്ന് സംസ്ഥാന സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം, അദ്ദേഹത്തിൻ്റെ നിർദ്ദേശപ്രകാരം നേത്രാവതി നദിയുടെ തീരത്തുള്ള രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

ധർമ്മസ്ഥലയിലെ വിവാദങ്ങള്‍ രാഷ്ട്രീയ രംഗത്തും സാമൂഹിക മേഖലയിലും വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അന്വേഷണ സംഘം ഞെട്ടിക്കുന്ന ഈ ആരോപണങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുമ്ബോള്‍, കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കുകയാണ്.