
വെച്ചൂർ: വയോധികരായ ദമ്പതികള്‍ മാത്രം താമസിക്കുന്ന വീട്ടിലെ കുടിവെള്ള ടാങ്കില്‍ വിഷം കലർത്തി വീട്ടുകാരെ കൊലപ്പെടുത്താൻ സാമൂഹ്യവിരുദ്ധർ ശ്രമിച്ചതായി പരാതി.
വെച്ചൂർ കൊടുതുരുത്തില്‍ താമസിക്കുന്ന എണ്‍പത്തിമൂന്നുകാരനായ മണിയന്‍റെ കുടിവെള്ള ടാങ്കിലാണ് വീട്ടില്‍ ആളില്ലാതിരുന്ന ദിവസം മാരക കീടനാശിനി കലക്കിയത്.
വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കില്‍നിന്നു വെള്ളം കോരിയാണ് ഇവർ ഉപയോഗിച്ചിരുന്നത്. ടാങ്ക് തുറന്നപ്പോള്‍ കീടനാശിനിയുടെ രൂക്ഷഗന്ധം വന്നതാണ് വയോധികരായ മണിയനും ജാനമ്മയ്ക്കും രക്ഷയായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലത്തു വച്ചിരിക്കുന്ന നാലു ടാങ്കുകളില്‍ പൈപ്പുവെള്ളം ശേഖരിച്ചാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇതില്‍ കുടിക്കാനും പാചകത്തിനുമായി വെള്ളമെടുത്തിരുന്ന ടാങ്കില്‍ മാത്രമാണ് കീടനാശിനി കലർത്തിയിരുന്നത്. ടാപ്പ് വഴിയാണ് വെള്ളം എടുത്തിരുന്നതെങ്കില്‍ ജീവൻ നഷ്ടപ്പെടുമായിരുന്നെന്നു മണിയൻ പറഞ്ഞു.
അഞ്ചുദിവസം മുൻപ് കോട്ടയം കൊല്ലാട്ടുള്ള മകന്‍റെ വീട്ടിലെ ചടങ്ങിനായി ദമ്പതികള്‍ പോയപ്പോഴാണ് ടാങ്കില്‍ വിഷം കലർത്തിയതെന്നു കരുതുന്നു. ഞായറാഴ്ച ഇവർ മടങ്ങിയെത്തിയ ശേഷം പാചകത്തിനായി വെള്ളമെടുത്തപ്പോഴാണ് രൂക്ഷഗന്ധം അനുഭവപ്പെട്ടത്. വെള്ളത്തിനു നിറവ്യത്യാസംകൂടി കണ്ടതോടെയാണ് സംശയം ശക്തമായത്.
മാരക കീടനാശിനിയാണ് കുടിവെള്ളത്തില്‍ കലക്കിയിരുന്നതെന്ന് കർഷകൻ കൂടിയായ മണിയൻ പറയുന്നു.