
കര്‍ണാടകയില്‍ ജില്ലാ പൊലീസ് സൂപ്രണ്ടിനെ നായയോട് ഉപമിച്ച ബിജെപി എംഎല്‍എ ബി പി ഹരീഷിനെതിരെ കേസ്. ദാവണഗരെ ജില്ലാ പൊലീസ് സൂപ്രണ്ട് ഉമാ പ്രശാന്തിനെയാണ് ഹരീഷ്, പോമറേനിയൻ നായയോട് ഉപമിച്ചത്.
ഷാമനുരു കുടുംബത്തിലെ സ്വാധീനമുള്ള കോണ്‍ഗ്രസ് നേതാക്കളോട് വിശ്വസ്തനായ ‘പോമറേനിയൻ നായയെപ്പോലെയായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ പെരുമാറ്റം എന്നായിരുന്നു എംഎല്‍എയുടെ പ്രസ്താവന. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലായിരുന്നു ഹരിഹർ നിയോജകമണ്ഡലം എംഎല്‍എയുടെ അപകീര്‍ത്തികരമായ പ്രസ്താവന.
ഔദ്യോഗിക യോഗങ്ങളില്‍ ഐപിഎസ് ഉദ്യോഗസ്ഥൻ തന്നോട് അനാദരവ് കാണിച്ചുവെന്നും ഷാമനുരു കുടുംബത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് കൂറു പുലര്‍ത്തുന്നുവെന്നുമാണ് എംഎല്‍എയുടെ ആരോപണം. കോണ്‍ഗ്രസിന്റെ ഷാമനുരു ശിവശങ്കരപ്പ എംഎല്‍എ ലക്ഷ്യമിട്ടായിരുന്നു ബിജെപി എംഎല്‍എയുടെ നീക്കം. ശിവശങ്കരപ്പയുടെ മകൻ എസ്.എസ്. മല്ലികാർജുൻ, സിദ്ധരാമയ്യ സർക്കാരില്‍ മന്ത്രിയാണ്. മരുമകള്‍ പ്രഭ മല്ലികാർജുൻ പാർലമെന്റ് അംഗവുമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘പ്രതിപക്ഷ എംഎല്‍എമാർ യോഗത്തിലേക്ക് വരുമ്ബോള്‍ പൊലീസ് സൂപ്രണ്ട് അവരെ അഭിവാദ്യം പോലും ചെയ്യുന്നില്ല. ഷാമനുരു കുടുംബം വൈകി എത്തുന്നതിന് പേരുകേട്ടവരാണ്. എന്നിട്ടും അവിടെ നിന്നുള്ളവരുടെ വരവിനായി കാത്തിരിക്കുകയും ഒരു പോമറേനിയൻ നായയെപ്പോലെ പെരുമാറുകയും ചെയ്യുന്നു, ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണമുണ്ടാകുമെന്നാണ് അവള്‍(ഉമാ പ്രശാന്ത്) കരുതുന്നത്. ഇതൊന്നും അധിക കാലം ഉണ്ടാകില്ല”- ഇങ്ങനെയായിരുന്നു എംഎല്‍എയുടെ വാക്കുകള്‍.
ദാവൻഗരെ കെടിജെ നഗർ പൊലീസാണ് എംഎല്‍എക്കെതിരെ ഭാരതീയ ന്യായസംഹിത സെക്ഷൻ 79, 132 പ്രകാരം കേസെടുത്തത്. ഉമാ പ്രശാന്ത് തന്നെയാണ് പരാതി നല്‍കിയത്.