play-sharp-fill
വർക്ക്‌ഷോപ്പിൽ കിടന്ന് സ്‌കൂട്ടർ ട്രാഫിക് നിയമം ‘ലംഘിച്ചു’: സ്‌കൂട്ടർ ഉടമയ്ക്ക് പൊലീസിന്റെ ക്രൂര മർദനം; പരാതിയുമായി ഉന്നതർ രംഗത്ത്

വർക്ക്‌ഷോപ്പിൽ കിടന്ന് സ്‌കൂട്ടർ ട്രാഫിക് നിയമം ‘ലംഘിച്ചു’: സ്‌കൂട്ടർ ഉടമയ്ക്ക് പൊലീസിന്റെ ക്രൂര മർദനം; പരാതിയുമായി ഉന്നതർ രംഗത്ത്

സ്വന്തം ലേഖകൻ

പത്തനംതിട്ട: വർക്ക്‌ഷോപ്പിൽ കിടന്ന സ്‌കൂട്ടർ ട്രാഫിക് നിയമം ലംഘിച്ചെന്നാരോപിച്ച് പൊലീസ് അയച്ച നോട്ടീസിൽ പിഴ അടയ്ക്കാതിരുന്ന സ്‌കൂട്ടർ ഉടമയ്ക്ക് പൊലീസിന്റെ ക്രൂര മർദനം. ക്രൂരമായ മർദനത്തിനൊടുവിൽ സ്‌കൂട്ടർ നിയമം ലംഘിച്ചതിന്റെ നാനൂറ് രൂപ പിഴ അടച്ച ശേഷമാണ് ഉടമ മടങ്ങിയത്.
പത്തനംതിട്ട റാന്നിയിൽ റിപ്പയറിങ്ങിനായി സ്‌കൂട്ടർ വർക്ക് ഷോപ്പിൽ ഇട്ടിരിക്കുന്ന സുനിൽ കുമാറിനാണ് റാന്നി സ്റ്റേഷനിലെ എ എസ് ഐ ഇബ്രാഹിംകുട്ടി ക്രൂരമായി മർദിച്ചത് . എ എസ് ഐക്കെതിരെ സുനിൽ കുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി . റിപ്പയറിങ്ങിനായി വർക്ക് ഷോപ്പിൽ ഇട്ടിരിക്കുന്ന സ്‌കൂട്ടർ അമിത വേഗതയിൽ പോയെന്ന് കാണിച്ച് ഉടമ ബിനിയെ ആണ് റാന്നി പൊലീസ് ആദ്യം വിളിപ്പിച്ചത്. മാസങ്ങളായി വർക്ക് ഷോപ്പിലാണ് സ്‌കൂട്ടറെന്ന് ഉടമ പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ വർക്ക് ഷോപ്പ് നടത്തുന്ന സുനിൽകുമാറുമായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു.സ്‌കൂട്ടർ എടുക്കാറില്ലെന്ന് തെളിയിക്കുന്നതിനായി വീഡിയോ സഹിതം സുനിൽകുമാർ സ്റ്റേഷനിലെത്തിയപ്പോൾ 500 രൂപ പിഴ അടക്കാൻ എ എസ് ഐ ഇബ്രാഹിംകുട്ടി പറഞ്ഞു. എന്നാൽ ഓടുന്ന അവസ്ഥയിൽ അല്ലാത്ത സ്‌കൂട്ടർ ട്രാഫിക് നിയമ ലംഘനം നടത്തിയില്ലെന്ന് ഉറപ്പായതിനാൽ പിഴ അടക്കില്ലെന്ന് സുനിൽ കുമാർ പറഞ്ഞതോടെ പ്രകോപിതനായ എ എസ് ഐ മർദ്ദിക്കുകയായിരുന്നു. കരഞ്ഞ് അപേക്ഷിച്ചതിനൊപ്പം വാഹന ഉടമ 400 രൂപ പിഴ അടച്ചതിനാലാണ് പൊലീസ് വിട്ടയച്ചതെന്ന് സുനിൽ പറഞ്ഞു. സ്‌കൂട്ടർ മാസങ്ങളായി എടുക്കാതെ കിടക്കുകയാണെന്ന് നാട്ടുകാരും വ്യക്തമാക്കുന്നു. എ എസ് ഐക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കും, മനുഷ്യാവകാശ കമ്മിഷനും സുനിൽ കുമാർ പരാതി നൽകിയിട്ടുണ്ട്.