വേറിട്ട റോളില്‍ ഉണ്ണി മുകുന്ദന്‍; രണ്ട് വര്‍ഷത്തിന് ശേഷം ആ ചിത്രം ഒടിടിയിലേക്ക്

Spread the love

കൊച്ചി: മലയാളത്തില്‍ നിന്ന് മറ്റൊരു ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. കഥാപ്രസം​ഗ കലയുടെ പശ്ചാത്തലത്തില്‍ ജയരാജ് സംവിധാനം ചെയ്ത കാഥികന്‍ എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. 2023 ഡിസംബര്‍ 8 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒരു വര്‍ഷവും ഒന്‍പത് മാസങളും പിന്നിടുമ്പോഴാണ് ചിത്രം സ്ട്രീമിം​ഗിന് എത്തുന്നത്. മനോരമ മാക്സിലൂടെ നാളെയാണ് ചിത്രത്തിന്‍റെ ഒടിടി പ്രദര്‍ശനം ആരംഭിക്കുക. കഥാപ്രസംദ​ഗ കലയുടെയും കാഥികരുടെയും പ്രൗഢമായ പഴയ കാലവും ഇപ്പോഴത്തെ അവസ്ഥയും തുറന്നുകാട്ടുന്ന ചിത്രമാണ് ഇത്. പ്രശസ്ത കാഥികന്‍ വി സാംബശിവന്‍റെ വേര്‍പാടിന്‍റെ 27-ാം വര്‍ഷത്തിലാണ് ജയരാജ് ഈ ചിത്രം ഒരുക്കിയത്.

ഒരു ജുവനൈല്‍ ഹോം സൂപ്രണ്ടും ഒരു കാഥികനും തമ്മിലുള്ള ആത്മബന്ധത്തിലൂടെ കഥ പറയുന്ന ചിത്രത്തിന്‍റെ രചനയും ജയരാജിന്‍റേതാണ്. ചന്ദ്രസേനന്‍ എന്ന കാഥികനായി മുകേഷ് എത്തിയ ചിത്രത്തില്‍ ജുവനൈല്‍ ഹോം സൂപ്രണ്ടിനെ അവതരിപ്പിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദന്‍ ആണ്. ചെറുപ്രായത്തില്‍ ചെയ്ത തെറ്റിന്‍റെ പേരില്‍ കുറ്റവാളിയായി മുദ്ര കുത്തപ്പെട്ട ഒരു കുട്ടിയുടെ കലാപരമായ കഴിവുകളെ കണ്ടെത്തി അവനെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍ എത്തിച്ച് നല്ല മനുഷ്യനാക്കി മാറ്റാന്‍ ശ്രമിക്കുന്ന സൂപ്രണ്ടും അതിന് താങ്ങും തണലുമായി നില്‍ക്കുന്ന കാഥികനുമാണ് ഉണ്ണി മുകുന്ദന്‍റെയും മുകേഷിന്‍റെയും കഥാപാത്രങ്ങള്‍.

പുതുമുഖം കൃഷ്ണാനന്ദ് ​ഗോപു ആണ് ബാലതാരം. അനശ്വര സം​ഗീത സംവിധായകന്‍ സലില്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൗധരിയാണ് ചിത്രത്തിന് സം​ഗീതം പകര്‍ന്നിരിക്കുന്നത്. സലില്‍ ചൗധരിയുടെ മകള്‍ ആന്ദ്രാ ചൗധരി ഒരു ബം​ഗാളി ​ഗാനം ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്. ​ഗാനരചന വയലാര്‍ ശരത്‍ചന്ദ്ര വര്‍മ്മ, ഛായാ​ഗ്രഹണം ഷാജികുമാര്‍, എഡിറ്റിം​ഗ് വിപിന്‍ വിശ്വകര്‍മ്മ. ഡോ. മനോജ് ​ഗോവിന്ദും ജയരാജും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണ് ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group