
കോഴിക്കോട് : അമിബിക് മസ്തിഷ്കജ്വരം സ്ഥിരികരിച്ച് രണ്ടുപേർ കൂടി മരിച്ചതോടെ പ്രതിരോധ നടപടികൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ രോഗം സ്ഥിരീകരിച്ച 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണ്.
കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് രണ്ടുപേർ കൂടി മരിച്ചിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞും 52കാരിയുമാണ് മരണപ്പെട്ടത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്. കോഴിക്കോട് ഓമശ്ശേരി സ്വദേശിയായ ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ഒരു മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. കുഞ്ഞ് 28 ദിവസമായി വെൻ്റിലേറ്ററിൽ ആയിരുന്നു. കിണറ്റിൽനിന്നുള്ള വെള്ളത്തിൽ നിന്നാണ് കുഞ്ഞിന് രോഗം ബാധിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.