
സിഡ്നി: അടുത്തവര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിന് മുമ്പ് രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. 2012 മുതല്‍ 2024വരെ നീണ്ട ടി20 കരിയറില്‍ ഓസ്ട്രേലിയക്കായി 65 ടി20 മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക്ക് ടി20 ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ്. 103 മത്സരങ്ങളില്‍ 130 വിക്കറ്റെടുത്തിട്ടുള്ള ആദം സാംപയാണ് ഒന്നാമത്.
കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിലാണ് സ്റ്റാര്‍ക്ക് അവസാനമായി ഓസ്ട്രേലിയക്കായി ടി20 മത്സരം കളിച്ചത്. ആ മത്സരത്തില്‍ നാലോവറില്‍ 45 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും വീഴ്ത്താന്‍ സ്റ്റാര്‍ക്കിനായിരുന്നില്ല. 2022ൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ 20 ണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തതാണ് സ്റ്റാര്‍ക്കിന്റെ കരിയറിലെ മികച്ച ബൗളിംഗ് പ്രകടനം. ടെസ്റ്റ് കരിയര്‍ നീട്ടിയടുക്കാനും 2027ലെ ഏകദിന ലോകകപ്പില്‍ കളിക്കാനുമായാണ് 35കാരനായ സ്റ്റാര്‍ക്ക് ടി20 ക്രിക്കറ്റ് മതിയാക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
രാജ്യാന്തര ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ചെങ്കിലും ഐപിഎല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ലീഗുകളില്‍ സ്റ്റാര്‍ക്ക് തുടര്‍ന്നും കളിക്കും. അടുത്ത ടി20 ലോകകപ്പിന് പുതിയ പേസ് നിരയെ വാര്‍ത്തെടുക്കാന്‍ മതിയായ സമയം നല്‍കുന്നതിന് വേണ്ടിയാണ് സ്റ്റാര്‍ക്ക് ലോകകപ്പിന് മുമ്പ് തന്നെ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും 2021ല്‍ ടി20 ലോകകപ്പ് നേടിയ ടീമിന്റെ അവിഭാജ്യ ഘടകമായിരന്നു സ്റ്റാര്‍ക്കെന്നും ഓസ്ട്രേലിയന്‍ ചീഫ് സെലക്ടര്‍ ജോര്‍ജ് ബെയ്ലി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group