ആഗോള അയ്യപ്പ സംഗമം ഭക്തരുടെ ചരിത്ര സംഗമമാകും: എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ. ആർ. രാജൻ

Spread the love

കോട്ടയം: ആഗോള അയ്യപ്പ സംഗമം ശബരിമലയുടെ പേരും പ്രശസ്തിയും ലോകമാകെ യെത്തിക്കാനുള്ള ഉദാത്തമായ പ്രവർത്തനമാണെന്നും ഭക്തജനങ്ങളും ക്ഷേത്ര പുരോഗതി ആഗ്രഹിക്കുന്നവരും ഈ മഹാസംഗമത്തെ സർവ്വാത്മനാ പിന്തുണക്കുമെന്നും എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും എൻ.എസ്. എസ്. മാനവ വിഭവശേഷി വകുപ്പ് മുൻ മേധാവിയുമായ അഡ്വ. കെ. ആർ. രാജൻ പറഞ്ഞു.

മതമൈത്രീ കേന്ദ്രമായ ശബരിമലയിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഭക്തന്മാരായ മൂവായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കുന്ന ഒരു സംഗമം സംഘടിപ്പിക്കുന്നത് ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്ന സത്കർമ്മമാണ്.
ശബരിമലയുടെ വികസനത്തിനും പുരോഗതിക്കുമാവശ്യമായ വിശദമായ ചർച്ചകളും പദ്ധതി രൂപരേഖയും തയ്യാറാക്കുന്ന ഈ സംഗമത്തെ ജാതി- മത -രാഷ്ട്രീയ ചിന്തകൾക്കതീതമായി എല്ലാവരും പിന്തുണക്കും.

ദേശീയ തീർത്ഥാടന കേന്ദ്രമായ ശബരി മലയിലെ വിമാനത്താവളം, റോപ് വേ, റെയിൽ വേ സൗകര്യം, മെച്ചപ്പെട്ട പാർക്കിങ് സൗകര്യം, മണ്ഡല മകര വിളക്കു കാലങ്ങളിലെ ഭക്തജനങ്ങളുടെ സൗകര്യങ്ങൾ എന്നിവയൊക്കെ കൂടുതൽ നന്നാകണം എന്ന് ഭക്തജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്.
ഇക്കാര്യങ്ങൾ ചർച്ച ചെയ്യുവാനും ഒപ്പം ആചാരാനുഷ്ഠാനങ്ങൾ കൃത്യമായി പാലിച്ചു കൊണ്ട് ഇവ സാധ്യമാക്കുവാനും ആഗോള അയ്യപ്പ സംഗമം
സംഘടിപ്പിക്കുവാൻ തയ്യാറായ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രി വി.എൻ. വാസവനെയും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്തിനെയും പ്രത്യേകം അഭിനന്ദിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group