video
play-sharp-fill

Tuesday, September 2, 2025

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അപകടകരമായ 77 ആപ്പുകൾ നീക്കി; ഒരു വർഷത്തിനുള്ളിൽ ഒഴിവാക്കിയത് 40 ലക്ഷം ആപ്ലിക്കേഷനുകള്‍

Spread the love

 

കാലിഫോര്‍ണിയ: ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 77 അപകടകരമായ ആപ്പുകൾ കൂടി നീക്കം ചെയ്‌തു. ഈ ആപ്പുകളെല്ലാം ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയായിരുന്നു എന്ന് കമ്പനി വ്യക്തമാക്കി. വലിയൊരു ശുദ്ധീകരണത്തിന്‍റെ ഒരു ഭാഗം മാത്രമാണ് ഈ നടപടിയെന്നും ഗൂഗിള്‍ പറയുന്നു. കഴിഞ്ഞ വർഷം ഗൂഗിൾ ഏകദേശം 40 ലക്ഷം ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്നും നീക്കിയിരുന്നു. അതായത് പ്രതിദിനം ശരാശരി 11,000 ആപ്പുകൾ നീക്കം ചെയ്‌തുവെന്നാണ് കണക്കുകൾ.

പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്‌ത ആപ്പുകളിൽ പകുതിയിലധികവും ഡാറ്റാ സംരക്ഷണ, സ്വകാര്യതാ നിയമങ്ങൾ ലംഘിക്കുന്നവയായിരുന്നു. ആപ്പ് പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കർശനമായ നിയമങ്ങൾ നടപ്പിലാക്കുമെന്ന് കഴിഞ്ഞ വർഷം ഗൂഗിൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഫലമായി 2024-ന്‍റെ തുടക്കത്തോടെ, പ്ലേ സ്റ്റോറിൽ ഉണ്ടായിരുന്ന പകുതിയോളം ആപ്പുകളും നീക്കം ചെയ്‌തിരുന്നു. ഇതോടൊപ്പം, ഈ വർഷം ഏകദേശം 1.55 ലക്ഷം ഡെവലപ്പർ അക്കൗണ്ടുകളും ഗൂഗിൾ ബ്ലോക്ക് ചെയ്‌തു.

പ്ലേ സ്റ്റോറിൽ നിന്ന് നേരിട്ട് ഡൗൺലോഡ് ചെയ്യാത്ത സൈഡ്‌ലോഡഡ് ആപ്പുകൾക്കെതിരെയും കമ്പനി ഇപ്പോൾ കർശന നടപടികൾ സ്വീകരിക്കുന്നുണ്ട്. വെരിഫിക്കേഷൻ പ്രക്രിയയിലൂടെ കടന്നുപോകുന്ന ഡെവലപ്പർമാർക്ക് മാത്രമേ ഇനി മുതൽ ആപ്പുകൾ പ്രസിദ്ധീകരിക്കാൻ കഴിയൂ എന്ന് ഗൂഗിൾ പറയുന്നു. പ്ലേ സ്റ്റോറിൽ നിന്ന് ഒരു ആപ്പ് അപ്രത്യക്ഷമായാൽ, ഡെവലപ്പർ അത് നീക്കം ചെയ്‌തു എന്നല്ല അർഥമാക്കുന്നതെന്ന് ഗൂഗിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറിച്ച്, ആപ്പ് നിയമങ്ങൾ ലംഘിച്ചതിനാലാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്. എന്നാൽ ഈ ആപ്പ് നിങ്ങളുടെ ഫോണിൽ ഇതിനകം ഉണ്ടെങ്കിൽ, അത് പ്രവർത്തിക്കുന്നത് തുടരും. പക്ഷേ ഈ ആപ്പുകൾക്ക് കൂടുതൽ അപ്‌ഡേറ്റുകൾ ലഭിക്കില്ല.