
തിരുവനന്തപുരം: സെപ്റ്റംബർ 20ന് നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പ്രവേശനം വ്യവസ്ഥകളോടെ. പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രം പ്രവേശനം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് തവണ ദർശനം നടത്തിയിരിക്കണം.
ശബരിമല വെർച്ചൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്ത ഭക്തരെ മാത്രമേ പരിഗണിക്കൂ. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. കൂടാതെ സമുദായ സംഘടനകളെയും രാഷ്ട്രീയപാർട്ടികളെയും പ്രത്യേകം ക്ഷണിക്കും. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും.
അതേസമയം എൻഎസ്എസിന് പിന്നാലെ എസ്എൻഡിപിയൂം പരിപാടിയെ പിന്തുണച്ച് രംഗത്തുവന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയ്യപ്പ സംഗമം നല്ലതെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. നല്ല ഉദ്ദേശത്തോടെയുള്ള പരിപാടിയിൽ രാഷ്ട്രീയം കലർത്തുന്നതിൽ ദേവസ്വം ബോർഡിന് അതൃപ്തി. യുഡിഎഫ് ബിജെപി എതിർപ്പുകൾക്കിടയിലും അയ്യപ്പ സംഗമത്തിനായി ഒരുക്കങ്ങൾ സർക്കാരും ബോർഡും വേഗത്തിലാക്കി.
സെപ്റ്റംബർ 20ന് പമ്പാ ത്രിവണി സംഗമത്തിൽ നടക്കുന്ന അയ്യപ്പ സംഗമത്തെ ചൊല്ലിയാണ് അഭിപ്രായ ഭിന്നത. ചടങ്ങ് ബഹിഷ്കരിച്ച് യുഡിഎഫും ബിജെപിയും നിലപാട് പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം സമുദായ സംഘടനകളും അയ്യപ്പ സംഗമത്തെ അനുകൂലിക്കുകയാണ്. വിശ്വാസവും ആചാരങ്ങളും സംരക്ഷിച്ചുകൊണ്ട് പരിപാടി നടത്തണമെന്നാണ് ശിവഗിരി മഠത്തിന്റെയും നിലപാട്. ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകളെ ക്ഷണിക്കും. രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തീരുമാനം.