നീറ്റ് കോച്ചിംഗ് സെന്ററിന്റെ മുകളിൽ നിന്നും ചാടാൻ വിദ്യാർത്ഥിനിയുടെ ശ്രമം; രക്ഷകനായി അധ്യാപകൻ

Spread the love

ജയ്പൂർ : നീറ്റ് കോച്ചിംഗ് സെന്ററിന്റെ മുകളിൽ നിന്നും ചാടി മരിക്കാൻ ശ്രമിച്ച വിദ്യാർത്ഥിനിയെ അധ്യാപകൻ അത്ഭുതകരമായി രക്ഷപ്പെടുത്തി. ജയ്പൂരിലെ ഗോപാൽപുരയിലെ ഗുരു കൃപ കോച്ചിംഗ് സെൻററിൽ ആണ് സംഭവം നടന്നത്. 19 വയസ്സുള്ള വിദ്യാർഥിനിയാണ് മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിച്ചത്.

വിദ്യാർത്ഥിനി ടെറസിന് മുകളിൽ നിന്നും താഴേക്ക് ചാടാൻ ശ്രമിക്കുന്നത് കോച്ചിംഗ് സെൻററിലെ ഒരു അധ്യാപകന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വൻ ദുരന്തം ഒഴിവായത്. വിദ്യാർത്ഥിനിക്ക് പിന്നാലെ ടെറസിലെത്തിയ അധ്യാപകൻ പെൺകുട്ടിയെ ചാടുന്നതിനു മുമ്പായി പുറകിലോട്ട് വലിച്ചുമാറ്റുകയായിരുന്നു.

മഹേഷ് നഗർ പോലീസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2:15 ഓടെയാണ് വിദ്യാർഥിനി കോച്ചിംഗ് സെന്ററിന്റെ മുകളിൽ നിന്നും ചാടാൻ ശ്രമിച്ചത്. കെട്ടിടത്തിനു മുകളിൽ കയറി ചാടാൻ തയ്യാറായി നിന്ന വിദ്യാർത്ഥിനിയോട് അധ്യാപകരും സംഭവസ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടവും താഴേക്ക് ചാടരുത് എന്ന് ആവർത്തിച്ചു പറഞ്ഞിട്ടും വിദ്യാർത്ഥിനി പിന്മാറാന്‍ തയ്യാറായിരുന്നില്ല. എന്നാൽ ഇതിനിടയിൽ ഒരു അധ്യാപകൻ വിദ്യാർത്ഥിനിയുടെ ശ്രദ്ധയിൽപ്പെടാതെ ടെറസിന് മുകളിലേക്ക് കയറുകയും ചാടുന്നതിനു മുൻപായി പിന്നിലോട്ട് വലിച്ച് രക്ഷപ്പെടുത്തുകയും ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കോച്ചിംഗ് സെൻററിൽ നടത്തിയ പരീക്ഷാഫലത്തിൽ പെൺകുട്ടി ക്രമക്കേട് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് സംസാരിക്കാൻ പെൺകുട്ടിയുടെ മാതാപിതാക്കളെ കോച്ചിംഗ് സെൻറർ അധികൃതർ അന്നേദിവസം അവിടേക്ക് വിളിച്ചു വരുത്തിയിരുന്നു. ഇത് പെൺകുട്ടിയിൽ വളരെ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുകയും മാതാപിതാക്കൾ വഴക്കു പറയുമോ എന്നുണ്ടായ ഭയത്താലും ആണ് വിദ്യാർഥിനി ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.