
കടുത്തുരുത്തി: രാജ്യത്തിനാകെ അഭിമാനമായി കുറവിലങ്ങാട്ട് എത്തിച്ച സയന്‍സ് സിറ്റിയല്ലാതെ ബൃഹത്തായ എന്തെങ്കിലും വികസന പദ്ധതികള്‍ കടുത്തുരുത്തിയില്‍ എത്തിയിട്ടുണ്ടോ എന്ന് ജനങ്ങള്‍ പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.
യൂത്ത് ഫ്രണ്ട് എം കടുത്തുരുത്തിയില്‍ സംഘടിപ്പിച്ച യുവജന റാലിയോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ വര്‍ഷങ്ങള്‍ എടുത്ത കഠിനപ്രയത്നത്തിന്റെ ഫലമാണു കുറവിലങ്ങാട്ടെ സയന്‍സ് സിറ്റി. നാടിന് ആവശ്യമായ ബൃഹത്തായ വികസന പദ്ധതികള്‍ ഇനിയും എത്താത്ത കേരളത്തിലെ ഏക നിയോജകമണ്ഡലം ഒരുപക്ഷേ കടുത്തുരുത്തി മാത്രമാണ്.
ബ്രഹത്തായ പദ്ധതികളും സംരംഭങ്ങളും കടുത്തുരുത്തി നിയോജക മണ്ഡലത്തില്‍ എത്താത്തതെന്തെന്നു ജനം പരിശോധിക്കണം.
എം.എല്‍.എ ഫണ്ടും എം.പി ഫണ്ടും വിനിയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളല്ല ഒരു നാടിന്റെ വികസന അടയാളങ്ങളായി മാറേണ്ടത്. ഒരു കടലാസും പേനയും എടുത്ത് എഴുതാനുള്ള കഴിവുണ്ടെങ്കില്‍ ആര്‍ക്കും ശിലാഫലകത്തില്‍ സ്വന്തം നാമധേയം എഴുതിച്ചേര്‍ക്കാന്‍ കഴിയുന്ന സാധാരണ പ്രവര്‍ത്തനം മാത്രമാണു ജനപ്രതിനിധികളുടെ വികസന ഫണ്ട് വിനിയോഗം.
ബൃഹത്തായ പദ്ധതികളും ജനോപകാരപ്രദമായ സംരംഭങ്ങളുമാണ് ഒരു നാടിന്റെ വികസന അടയാളങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 10 വര്‍ഷമായി ഇത്തരം വികസന അടയാളങ്ങള്‍ കടുത്തുരുത്തി മണ്ഡലത്തിനു നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നു ജനങ്ങള്‍ ആത്മാര്‍ഥമായി വിലയിരുത്തണം. രാജ്യത്തിനാകെ അഭിമാനമായ ആത്മാര്‍ഥമായി വിലയിരുത്തണം.സയന്‍സ് സിറ്റി മാത്രമാണു കടുത്തുരുത്തിയെ വികസനവുമായി ബന്ധപ്പെടുത്തുന്ന ഏക അടയാളം.
മികച്ച പ്രോജക്‌ടുകള്‍ സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുവാന്‍ കഴിയാതിരിക്കുന്നത് അതത് മേഖലകളിലെ ജനപ്രതിനിധികളുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
വികസനം തിരിഞ്ഞു നോക്കാത്ത നാടാണെന്ന കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ പേരുദോഷം മാറ്റിയെടുക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് ബിബിന്‍ വെട്ടിയാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ എംപി തോമസ് ചാഴികാടന്‍, പ്രമോദ് നാരായണന്‍ എം.എല്‍.എ, സ്‌റ്റീഫന്‍ ജോര്‍ജ്,ലോപ്പസ് മാത്യു, യൂത്ത് ഫ്രണ്ട് എം പ്രസിഡന്റ് സിറിയക് ചാഴിക്കാടന്‍ , ജില്ലാ പ്രസിഡണ്ട് ഡിനു ചാക്കോ കെ എസ് സി എം പ്രസിഡന്റ് ബ്രൈറ്റ് വട്ടുനിരപ്പെല്‍ സംസ്‌ഥാന സെക്രട്ടറി ബിറ്റു വൃദ്ധവന്‍, റോണി വലിയപറമ്പന്‍ പാര്‍ട്ടി നേതാക്കളായ സണ്ണി തെക്കേടം, ജോസ് പുത്തന്‍കാല തോമസ് ടി കീപ്പുറം,സക്കറിയാസ് കുതിരവേലി, സാജന്‍ തൊടുക, ജോര്‍ജുകുട്ടി ആഗസ്‌തി,നിര്‍മ്മല ജിമ്മി,സിന്ധുമോള്‍ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.