
ഡൽഹി: അമേരിക്ക ഇരട്ട ചുങ്കം ചുമത്തിയതോടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതല്‍ വ്യാപാര സാധ്യതകള്‍ ആരായുകയാണ്.
കയറ്റുമതി പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ജപ്പാന് സന്ദര്‍ശിച്ച നരേന്ദ്ര മോദി ഇപ്പോള്‍ ചൈനയിലെത്തിയിട്ടുണ്ട്. പ്രമുഖ നേതാക്കളുമായി അദ്ദേഹം ചൈനയില്‍ ചര്‍ച്ച നടത്തും.
അതിനിടെയാണ് മോദിയുടെ വിദേശ യാത്രയ്ക്ക് വരുന്ന ചെലവ് സംബന്ധിച്ച മറ്റൊരു വാര്‍ത്ത വന്നിരിക്കുന്നത്. സൗദി അറേബ്യയില്‍ പോയ വേളയില്‍ മോദി ഹോട്ടല്‍ താമസത്തിന് മാത്രമായി 10 കോടി രൂപ ചെലവഴിച്ചു എന്നാണ് പറയപ്പെടുന്നത്. വിവരാവകാശ രേഖ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ വിവരങ്ങളും അപേക്ഷകന് പങ്കുവച്ചിട്ടുണ്ട്…
കഴിഞ്ഞ ഏപ്രില്‍ 22, 23 തിയ്യതികളിലാണ് പ്രധാനമന്ത്രി സൗദി അറേബ്യന്‍ സന്ദര്‍ശനത്തിന് പോയത്. ജിദ്ദയിലെത്തിയ അദ്ദേഹം ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിവരവെയാണ് കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം ഉണ്ടായതും അടിയന്തര സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങിയതും. ഒരു ദിവസം പൂര്‍ണമായി അദ്ദേഹം സൗദിയില്‍ ചെലവഴിച്ചില്ല. ഔദ്യോഗിക അത്താഴ വിരുന്നും ഒഴിവാക്കിയായിരുന്നു മടക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഹാരാഷ്ട്രയിലെ പൊതുപ്രവര്‍ത്തകനായ അജയ് ബസുദേവ് ബോസ് ആണ് ആര്‍ടിഐ പ്രകാരം ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സിലേറ്റ് ജനറലില്‍ നിന്ന് ലഭിച്ച രേഖകള്‍ പരസ്യപ്പെടുത്തിയത്. മോദിയുടെ സൗദി സന്ദര്‍ശനത്തിന് 15.54 കോടി രൂപയാണ് ചെലവായത് എന്ന് രേഖയില്‍ പറയുന്നു. രേഖയിലെ വിവരങ്ങള്‍ ബോസ് എക്സില്‍ പങ്കുവച്ചു.
ഹോട്ടല്‍ ബുക്കിങിന് മാത്രമായി 10 കോടി ചെലവഴിച്ചത് ആശ്ചര്യപ്പെടുത്തുന്നു എന്ന് ബോസ് പറയുന്നു. കുറച്ച് മണിക്കൂറുകള്‍ക്ക് വേണ്ടി മാത്രമാണ് ഇത്രയും രൂപ ചെലവഴിച്ചത് എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. പ്രോട്ടോകോള്‍ പ്രകാരം ഔദ്യോഗിക സന്ദര്‍ശന വേളയില്‍ ആതിഥേയരായ രാജ്യമാണ് താമസ ചെലവ് വഹിക്കേണ്ടത് എന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരിയില്‍ മോദി നാല് ദിവസത്തെ ഫ്രഞ്ച് സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് വേണ്ടി വന്നത് 25.59 കോടി രൂപയാണ്. ഒരു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് 16.54 കോടി രൂപയും ചെലവായി. തായ്ലാന്റിലേക്കുള്ള ഏകദിന യാത്രയ്ക്ക് 4.92 കോടി രൂപയാണ് ചെലവഴിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതൊക്കെ ദിവസങ്ങള്‍ നീണ്ട സന്ദര്‍ശനമായിരുന്നു എങ്കില്‍ സൗദിയിലേത്ത് മണിക്കൂറുകള്‍ മാത്രം നീളുന്ന യാത്രയായിരുന്നു.
മോദിയുടെ യാത്രാ ചെലവിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഹോട്ടല്‍ ചെലവ് മാത്രം 10 കോടി, ഏത് തരം ഹോട്ടലിലാണ് മോദി താമസിച്ചത് എന്നും എന്തു നേട്ടമാണ് യാത്ര കൊണ്ട് ഉണ്ടായതെന്നും കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ കുറിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.