
പാലക്കാട് : പാലക്കാട് ഡിസിസിയില്‍ ഷാഫി പറമ്പിലിനെതിരെ വികാരം ശക്തം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളടക്കം ഷാഫിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ജില്ലയിലെ കോണ്‍ഗ്രസിനെ കൈപിടിയിലാക്കാന്‍ ഷാഫി ശ്രമം നടത്തുകയാണെന്നാണ് പ്രധാന ആരോപണം.
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ പാലക്കാട് മത്സരിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വടകര എംപിയായ ഷാഫി ലോക്‌സഭാ മണ്ഡലം ഉപേക്ഷിച്ച് പാലക്കാട് വരുന്നതില്‍ ജില്ലാ നേതൃത്വത്തിനു എതിര്‍പ്പുണ്ട്. ഇക്കാര്യം കെപിസിസി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതിനോടും ജില്ലാ നേതൃത്വത്തിനു വിയോജിപ്പുണ്ട്. രാഹുലിനു തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് നല്‍കില്ലെന്ന തീരുമാനത്തിലേക്കും കെപിസിസി എത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പാര്‍ട്ടി പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം ചേര്‍ന്നുനില്‍ക്കുന്നവരാണ് ഷാഫിയും രാഹുലും. ഈ കൂട്ടുകെട്ട് തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് അഭിപ്രായമുള്ളവരും പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഉണ്ട്. രാഹുലിനും ഷാഫിക്കും എതിരായി കെപിസിസിയെ നേതൃത്വത്തെ സമീപിച്ചതും ഈ നേതാക്കളാണ്.
രാഹുലിനെ മറ്റൊരു സുരക്ഷിത മണ്ഡലത്തിലേക്ക് മാറ്റി തന്റെ മുന്‍ സീറ്റായ പാലക്കാട്ടേക്ക് വരികയായിരുന്നു ഷാഫിയുടെ ലക്ഷ്യം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം കിട്ടാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ഷാഫിക്കായി പാലക്കാട് ഒഴിയാനും രാഹുല്‍ സന്നദ്ധനായിരുന്നു. ഇതിനിടയിലാണ് രാഹുലിനെതിരായ ആരോപണങ്ങള്‍ ഉയരുന്നത്. ഇതോടെ ഷാഫിയുടെ പാലക്കാട് മോഹത്തിനും തിരിച്ചടിയേറ്റു. വടകര എംപിയായ ഷാഫി പാലക്കാട് മത്സരിക്കേണ്ടതില്ലെന്ന് ഡിസിസിക്കുള്ളില്‍ തീരുമാനമായതായാണ് കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.