തിരുവനന്തപുരം കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായത് എന്ന സംശയം പൊലീസിനുണ്ട്. ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നു.

നിയന്ത്രണം വിട്ട തുണിലിടിച്ച് ഥാറിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. കാർ ഓടിച്ചിരുന്നയാളാണ് മരിച്ചത്. മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിൻ (28), പോങ്ങുംമൂട് സ്വദേശി കിരൺ (29), സി.വി.ആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് രാത്രി 12 മണിയോടെയാണ് അപകടം ഉണ്ടായത്. ഇവർ മദ്യലഹരിയിലായിരുന്നതായിട്ടാണ് വിവരം. അപകട സ്ഥലത്ത് പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. എല്ലാവരെയും ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കഴക്കൂട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.