ആശുപത്രിയിലെ പതിവ് റൗണ്ട്സിനിടെ ഹൃദയാഘാതം; 39 കാരനായ കാർഡിയാക് സർജൻ മരിച്ചു

Spread the love

ചെന്നൈ: ചെന്നൈയിലെ ആശുപത്രിയില്‍ പതിവ് രോഗീ സന്ദർശനത്തിനിടെ ഹൃദയാഘാതം സംഭവിച്ച കാര്‍ഡിയാക് സര്‍ജന് ദാരുണാന്ത്യം. ഇന്നലെ രാവിലെയാണ് 39 വയസ്സുള്ള കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ് പതിവ് വാർഡ് സന്ദര്‍ശനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ അടിയന്തരമായി അദ്ദേഹത്തിന് സിപിആർ, സ്റ്റെന്റിംഗോടുകൂടിയ അടിയന്തര ആൻജിയോപ്ലാസ്റ്റി, ഇൻട്രാ-അയോർട്ടിക് ബലൂൺ പമ്പ്, ഇസിഎംഒ തുടങ്ങിയ ചികിത്സകൾ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

‘ഇന്നലെ രാവിലെ ഹൃദയഭേദകമായ വാർത്ത വന്നു. 39 വയസ്സുള്ള കാർഡിയാക് സർജനായ ഡോ. ഗ്രാഡ്ലിൻ റോയ് വാർഡ് റൗണ്ടുകൾക്കിടയിൽ കുഴഞ്ഞുവീണു. സഹപ്രവർത്തകർ ധീരമായി പോരാടി. സിപിആർ, സ്റ്റെന്റിംഗോടുകൂടിയ അടിയന്തര ആൻജിയോപ്ലാസ്റ്റി, ഇൻട്രാ-അയോർട്ടിക് ബലൂൺ പമ്പ്, ഇസിഎംഒ എന്നിവ നല്‍കി. എന്നാൽ 100% ഇടതുവശത്തെ പ്രധാന ധമനിയുടെ തടസ്സം മൂലമുണ്ടായ വൻ ഹൃദയാഘാതത്തിൽ നിന്നുള്ള നാശനഷ്ടങ്ങൾ മാറ്റാൻ ഇതിനൊന്നും കഴിഞ്ഞില്ല. എന്‍റെ ഹൃദയംഗമമായ അനുശോചനം.’ വാര്‍ത്ത പങ്കുവച്ച് കൊണ്ട് ഡോ. ഗ്രാഡ്ലിൻ റോയിയുടെ സുഹൃത്തും ഹൈദരാബാദ് സിഎംസി വെല്ലൂരിലെ ന്യൂറോളജിസ്റ്റുമായ ഡോ സുധീർ കുമാർ എഡി ഡിഎം തന്‍റെ എക്സ് അക്കൗണ്ടില്‍ എഴുതി. അതേസമയം ഡോ. ഗ്രാഡ്ലിൻ റോയ് ചെന്നൈയില്‍ ഏത് ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നില്ല.

 

പിന്നാലെ അദ്ദേഹം ഹദയാഘാതത്തിനുള്ള കാരണങ്ങളും നിരത്തി. ദീർഘവും ക്രമരഹിതവുമായ ജോലി സമയവും അനാരോഗ്യകരമായ ഭക്ഷണരീതികളും ഉദാസീനമായ ജീവിതശൈലിയും മാനസിക ഭാരവും ഉയർന്ന സമ്മർദ്ദ നിലകളും വലിയ തോതിലുള്ള പുകവലിയും മദ്യപാനവും ഒപ്പം പ്രതിരോധ പരിചരണത്തിന് നല്‍കുന്ന അവഗണനയും ഹൃദയാഘാതത്തിന് കാരണമാകുമെന്ന് അദ്ദേഹം എഴുതി. ഡോക്ടര്‍മാര്‍ അമിത ജോലി ഭാരം നേരിടുകയാണെങ്കില്‍ ‘ഇല്ല’ എന്ന് പറയണമെന്നും അദ്ദേഹം തന്‍റെ കുറിപ്പില്‍ ഓർമ്മപ്പെടുത്തി. മറ്റുള്ളവരുടെ ഹൃദയം രക്ഷിക്കാന്‍ ജീവിതം സമര്‍പ്പിക്കുന്നവര്‍ പലപ്പോഴും സ്വന്തം ഹൃദയത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം എഴുതുന്നു. കുറിപ്പ് വൈറലായതിന് പിന്നാലെ നിരവധി പേരാണ് തങ്ങൾ അനുഭവിക്കുന്ന ജോലി ഭാരത്തെ കുറിച്ചും മാനസിക സ്വാസ്ഥ്യം ഇല്ലായ്മയെ കുറിച്ചും എഴുതിയത്.