മകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരുന്ന മുതിർന്ന സിപിഎം നേതാവ് മരിച്ചു

Spread the love

ഇടുക്കി: മകൻ്റെ മർദ്ദനത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതിർന്ന സിപിഎം നേതാവായ ആണ്ടവർ മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായിരുന്ന ആണ്ടവർ (84)ആണ് മരിച്ചത്. സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ.

കഴിഞ്ഞ 24ന് രാത്രി 11നാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മണികണ്ഠൻ ആണ്ടവരെ ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ച് തലയിലും മുഖത്തും മർദിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളേജിലും പിന്നീട് മധുര മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മധുര മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.