അതിരുവിട്ട ഓണാഘോഷം : അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് റെയിൽപാളത്തിലേക്ക് ഓടി കയറി പ്ലസ് ടു വിദ്യാർത്ഥി ; രക്ഷകരായി പോലീസ്; സംഭവം കോഴിക്കോട് വടകരയിൽ

Spread the love

കോഴിക്കോട്: സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടപ്പോള്‍ അധ്യാപകന്‍ ശകാരിച്ചതിനെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച് വിദ്യാര്‍ത്ഥി. കോഴിക്കോട് വടകരയിലെ ഒരു സ്‌കൂളിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ അനിഷ്ട സംഭവങ്ങളുണ്ടായത്.

സ്‌കൂളില്‍ ഇന്നലെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ആഘോഷ പ്രകടനങ്ങള്‍ പരിധിവിട്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ ഇടപെടുകയും വിദ്യാര്‍ത്ഥികളെ ശകാരിക്കുകയും ചെയ്തുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിനു പിന്നാലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥി ക്ലാസില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ കൂട്ടുകാരെ ഫോണില്‍ വിളിച്ച് ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറയുകയും ചെയ്തു. കുട്ടികള്‍ ഉടന്‍ തന്നെ സംഭവം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും അധ്യാപകർ വടകര പൊലീസില്‍ ബന്ധപ്പെടുകയുമായിരുന്നു. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് വിദ്യാർത്ഥി ഇരിങ്ങല്‍ ഭാഗത്തുണ്ടെന്ന് സ്ഥിരീകരിച്ചു.

പൊലീസ് എത്തിയപ്പോള്‍ വിദ്യാര്‍ത്ഥി റെയില്‍ പാളത്തില്‍ നില്‍ക്കുകയായിരുന്നു. പൊലീസിന്റെ സാനിധ്യം മനസ്സിലായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥി പാളത്തിലൂടെ കോഴിക്കോട് ഭാഗത്തേക്ക് ഓടി. എന്നാല്‍ ട്രെയിന്‍ എത്തുന്നതിന് മുന്‍പ് കളരിപ്പാടത്ത് വെച്ച് പൊലീസ് കുട്ടിയെ പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ വിശദീകരിച്ച് ഇവര്‍ക്കൊപ്പം വിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group