
തൃശൂർ: തൃശൂരിൽ ആംബുലൻസിന് വനിതാ പൊലീസ് വഴിയൊരുക്കിയത് വെറുതെയായി.സംഭവ സമയത്ത് ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തെറ്റായ വിവരം നൽകിയ ആംബുലൻസ് ഡ്രൈവറിൽ നിന്ന് 2000 രൂപ പിഴ ഇൗടാക്കി.
തൃശൂർ അശ്വിനി ജംക്‌ഷനിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന്റെ മുന്നേയോടി വഴിതെളിച്ച വനിതാ അസി. സബ് ഇൻസ്പെക്ടറുടെ പ്രവർത്തി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിറ്റി വനിതാ പൊലീസ് സ്റ്റേഷനില്‍ എഎസ്ഐ ആയ അപർണ ലവകുമാർ ആണ് ആംബുലൻസിന്റെ മുന്നിലൂടെ ഓടി മറ്റു വാഹനങ്ങൾ മാറ്റി വഴിയൊരുക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗിയുമായി തൃശൂർ ദിശയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു മെഡി ഹബ് ഹെൽത്ത് കെയർ ആംബുസൻസ് എന്നാണ് അന്ന് റിപ്പോർട്ടുണ്ടായിരുന്നത്.
ഗതാഗതക്കുരുക്കു പതിവായ അശ്വിനി ജംക്‌ഷനിൽ എത്തിയതും വാഹനങ്ങൾക്കിടയിൽപ്പെട്ട് ആംബുലൻസിന്റെ യാത്ര സ്തംഭിച്ചു. പിന്നിലൂടെ ഓടിയെത്തിയ അപർണ ഏറെ പണിപ്പെട്ടു മുന്നിലോടിയാണു വാഹനങ്ങൾ നീക്കി വഴിതെളിച്ചത്.
ആംബുലൻസ് ഡ്രൈവർ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇർഫാന്‍ പകർത്തിയ ദൃശ്യമാണ് പൊലീസിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലടക്കം തരംഗമായി മാറിയത്. ഈ സംഭവത്തിലാണ് ആംബുലൻസിൽ രോഗി ഇല്ലായിരുന്നുവെന്ന വിവരം ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്