
പണത്തിന് അത്യാവശ്യം വരുമ്പോള്‍ വായ്പ എടുക്കും. കയ്യില്‍ പണം വരുമ്പോള്‍ അത് ക്ലോസ് ചെയ്യും. നമ്മുടെ കാര്യമല്ലേ. വീണ്ടും പണത്തിന് ആവശ്യം വരും. കുറേ കഴിയുമ്പോള്‍ വീണ്ടും വായ്പ എടുക്കും. ഇതിങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും. ബാങ്കുകള്‍ക്ക് ലാഭമാണ്. ഓരോ വായ്പ എടുക്കുമ്പോഴും അവര്‍ക്ക് പ്രോസസിംഗ് ചാര്‍ജായി നിശ്ചിത തുക കിട്ടും. വായ്പ കാലവധി എത്തുന്നതിന് മുമ്പ് തിരിച്ചടച്ചാല്‍ പ്രീക്ലോഷര്‍ ചാര്‍ജ് എന്നു പറഞ്ഞ് പിഴയും ഈടാക്കും. അങ്ങനെ ലാഭത്തോട് ലാഭം.
പണത്തിന് അത്യാവശ്യം വരുമ്പോള്‍ വായ്പ എടുക്കാം. പണം കയ്യിലെത്തുമ്പോള്‍ പണം ഒരുമിച്ച് അടച്ച് വായ്പ ക്ലോസ് ചെയ്യാം. ആര്‍ക്കും സ്വീകരിക്കാവുന്ന പൊതുതത്വമാണിത്. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരം മാര്‍ഗം ആശാസ്യമായിരിക്കുമോ..?, ഇല്ല എന്നാണ് ഉത്തരം.
അപ്രതീക്ഷിതമായോ പെട്ടെന്നോ കയ്യില്‍ കുറച്ചധികം പണം വരുമ്പോള്‍ പലരും വായ്പകള്‍ ക്ലോസ് ചെയ്യാറുണ്ട്. പലിശചെലവ് ലാഭിക്കാമല്ലോ എന്നാണ് പലരുടെയും ചിന്ത. 10 ശതമാനം പലിശയ്ക്ക് 5 ലക്ഷം രൂപ 10 വര്‍ഷക്കാലത്തേക്ക് വായ്പ എടുത്താല്‍ 10 വര്‍ഷം കൊണ്ട് പലിശയായി മാത്രം അടയ്ക്കേണ്ടിവരുന്നത് 2.92 ലക്ഷം രൂപയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുതലും ചേര്‍ത്ത് ഇക്കാലയളവ് കൊണ്ട് അടയ്ക്കേണ്ടി വരുന്നത് 7.92 ലക്ഷം രൂപയാണ്. അതായത് പ്രതിമാസം 6607 രൂപവീതം അടച്ചാണ് ഇത്രയും രൂപ ബാങ്കിന് നമ്മള്‍ തിരിച്ചുനല്‍കുന്നത്. വായ്പയെടുത്ത് രണ്ടാം വര്‍ഷം തിരിച്ചടച്ചാല്‍ പലിശ ഇനത്തില്‍ 2.5 ലക്ഷം രൂപയോളം ലാഭിക്കാം എന്നത് ശരി. പക്ഷേ ഈ രണ്ടര ലക്ഷം രൂപ നമ്മള്‍ നല്‍കുന്നത് കുറേശെ കുറേശെയായി 120 മാസം കൊണ്ടു മാത്രമാണ്. അതായത് കണക്കില്‍ മാത്രമാണ് 2.5 ലക്ഷം രൂപ കാണുക.
ഇനി വായ്പ എടുത്തു കഴിയുന്നതോടെ നമുക്ക് എന്താണ് സംഭവിക്കുക എന്നു നോക്കാം. എല്ലാ മാസവും വായ്പാ തിരിച്ചടവിനായി 6607 രൂപ നമ്മള്‍ എങ്ങനെയും മിച്ചം പിടിച്ച് കൃത്യമായി തിരിച്ചടയ്ക്കും. മറ്റെന്തൊക്കെ ചിലവ് വന്നാലും എങ്ങനെയും 6607 രൂപ മിച്ചം ഉണ്ടാക്കാന്‍ വലിയ പരിശ്രമം നടത്തും.
വായ്പ ബാധ്യത ഇല്ലാതാകുന്നതോടെ ഈ മിച്ചം പിടുത്തം ഇല്ലാതാകും. അതുകൊണ്ട്് കൂടുതല്‍ പണം കയ്യില്‍ കിട്ടുമ്പോള്‍ വായ്പ തിരിച്ചടയ്ക്കുന്നവര്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതേവരെ അടച്ചുകൊണ്ടിരുന്ന ഈ.എം.ഐ തുകയ്ക്ക് തുല്യമായ പണത്തിന് ചിട്ടിയോ റിക്കറിങ് ഡിപ്പോസിറ്റോ തുടങ്ങണം. ഇങ്ങനെ ചെയ്തില്ല എങ്കില്‍ കയ്യില്‍ കിട്ടിയ പണവും ഇല്ലാതാകും വായ്പാ തിരിച്ചടവിനായി ഉണ്ടാക്കിയ സമ്പാദ്യവും ഇല്ലാതാകും. 120 മാസം കൊണ്ട് കുറേശെയായി നല്‍കിക്കൊണ്ടിരുന്ന പലിശ ലാഭിക്കാനായി കയ്യിലുള്ള പണം രൊക്കം നല്‍കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഇങ്ങനെ ഒഴിവാക്കാം.
സാമ്പത്തികമായി അച്ചടക്കമുള്ളവരും കൃത്യമായ സമ്പാദ്യശീലമുള്ളവരും ആണ് നിങ്ങള്‍ എങ്കില്‍ ഒരു സംശയവും വേണ്ട കയ്യില്‍ പണം കിട്ടുമ്പോള്‍ വായ്പ ക്ലോസ് ചെയ്യാം. പക്ഷേ ഭവന വായ്പ പോലുള്ള ആദായ നികുതി ഇളവുള്ള വായ്പകള്‍ ആലോചിച്ചുമാത്രമേ ക്ലോസ് ചെയ്യാവൂ.
സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ആളാണ്, കയ്യില്‍ കിട്ടുന്നതൊക്കെ അതിനേക്കാള്‍ വേഗത്തില്‍ ആവിയായി പോകുന്നയാളാണ് നിങ്ങള്‍ എങ്കില്‍ വായ്പ കാലയളവ് തീരുന്നതുവരെ വായ്പ തുടര്‍ന്നുകൊണ്ടുപോകുന്നതാണ് ബുദ്ധി. കാരണം വായ്പ നിങ്ങളെ കുറച്ചെങ്കിലും സാമ്പത്തിക അച്ചടക്കം ഉള്ളയാളാക്കുന്നു. അടുത്ത തവണ കയ്യില്‍ പണം എത്തുമ്പോള്‍ ഇക്കാര്യം ഓര്‍ക്കുക.