
തലപ്പാടിയില്‍ ആറുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ബസ് അമിതവേഗത്തിലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. കാസർകോട് റോഡ് ട്രാൻസ്‌പോർട്ട് ഓഫീസിലെ സംഘമാണ് അന്വേഷണം നടത്തിയത്. ബസിന്റെ ടയറുകള്‍ തേഞ്ഞ് തീർന്നത് അപകടത്തിന്റെ ആഘാതം കൂട്ടിയതായി പരിശോധനയില്‍ കണ്ടെത്തി.
ബസിന്റെ ബ്രേക്കിന് പ്രശ്നമില്ലായിരുന്നില്ലെന്ന് പരിശോധയില്‍ തെളിഞ്ഞു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെയും കണ്ടക്‌ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡ്രൈവർ നിജലിംഗപ്പയ്‌ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
14 വർഷമായി കർണാടക ആർടിസിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ് ഇയാള്‍. കഴിഞ്ഞ മൂന്ന് വർഷമായി കാസർകോട്-മംഗളൂരു റൂട്ടില്‍ സർവീസ് നടത്തുന്നു. ഓഗസ്റ്റ് എട്ടിന് അപകടത്തില്‍പ്പെട്ട ബസിന്റെ ഫിറ്റ്‌നെസ് പരിശോധനകള്‍ നടത്തിയതായി അധികൃതർ അറിയിച്ചു. അതിനാല്‍തന്നെ സാങ്കേതിക പ്രശ്‌നങ്ങളുണ്ടാകാൻ സാദ്ധ്യതയില്ലെന്നും അധികൃതർ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബസിന്റെ അമിതവേഗതയും ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്ന് കർണാടക ആർടിസി എംഡി ഇന്നലെ പുറപ്പെടുവിച്ച കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരിക്കേറ്റവരുടെ ചികിത്സ കർണാടക ട്രാൻസ്പോർട്ട് കോർപറേഷൻ ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മംഗലാപുരത്ത് നിന്ന് കാസർകോട്ടേക്ക് അമിത വേഗത്തില്‍ വന്ന ബസ് ഓട്ടോറിക്ഷയിലേയ്ക്കും പിന്നാലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്കും ഇടിച്ചുകയറുകയായിരുന്നു. ഓട്ടോ ഡ്രൈവറും അതിലെ യാത്രക്കാരായ യുവതിയും രണ്ടു സ്ത്രീകളും ബസ് സ്റ്റോപ്പില്‍ നിന്ന മറ്റു രണ്ടു സ്ത്രീകളുമാണ് മരിച്ചത്.