
തലശ്ശേരി: മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചയോടെ മംഗലാപുരം ഭാഗത്ത് നിന്നും ഉള്ളിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട മാരുതി ബലേനോ കാറിൽ ഇടിച്ചത്. പിന്നിൽ നിന്നെത്തിയ ലോറി കാറിനെ ഇടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
അതേസമയം തൃശ്ശൂരില്‍ പുറ്റേക്കരയിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്ക്. നിയന്ത്രണം വിട്ട ബസ് മരത്തിലും കാറിലും ഇടിച്ച ശേഷം നടുറോഡിന് കുറുകെ മറിയുകയായിരുന്നു. തൃശൂർ, കുന്നംകുളം റോഡിൽ സർവീസ് നടത്തുന്ന ജീസസ് ബസാണ് മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് തൃശ്ശൂര്‍, കുന്നംകുളം റോഡിൽ ഗതാഗതം സ്തംഭിച്ചു.