
ചങ്ങനാശേരി: കുടുംബശ്രീ ജില്ലാതല ഓണം വിപണന മേള നാളെ മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ ചങ്ങനാശേരി പിഎംജെ ഗ്രൗണ്ടില്‍ സംഘടിപ്പിക്കും.
സംരംഭകര്‍, ഉപഭോക്താക്കള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കുടുംബശ്രീ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യവും സഹകരണവും കുടുംബശ്രീ വിപണന മേളയിലുണ്ടാകും.
തനിമയും പരിശുദ്ധിയും കേരളീയതയുമുള്ള ഗുണനിലവാരമുള്ളതും മായം കലരാത്തതുമായ ഉത്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഓണം വിപണനമേളകള്‍ സംഘടിപ്പിക്കുന്നത്.
ഓണം കുടുംബശ്രീക്കൊപ്പം എന്ന ടാഗ് ലൈനോടെ ചങ്ങനാശേരി നഗരസഭാ കുടുംബശ്രീ സിഡിഎസിന്‍റെ ആഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ ജില്ലാതല ഓണം വിപണനമേള ചങ്ങനാശേരിയില്‍ സംഘടിപ്പിക്കുന്നത്. നാളെ രാവിലെ 9.30ന് ചങ്ങനാശേരി നഗരസഭാ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജിന്‍റെ അധ്യക്ഷതയില്‍ ജോബ് മൈക്കിള്‍ എംഎല്‍എ ജില്ലാതല മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കൃഷ്ണകുമാരി രാജശേഖരന്‍ ആദ്യ വില്പന നിര്‍വഹിക്കും. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് ദിവാകര്‍ മുഖ്യപ്രഭാഷണം നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബശ്രീ ഗ്രൂപ്പുകള്‍ തയാറാക്കിയ ചിപ്‌സുകള്‍, നാടന്‍ പലഹാരങ്ങള്‍
ശുദ്ധമായ വെളിച്ചെണ്ണയില്‍ തയാറാക്കിയ ചിപ്‌സ്, നാടന്‍ പലഹാരങ്ങള്‍, കറിപൗഡറുകള്‍, ധാന്യപ്പൊടികള്‍, വെളിച്ചെണ്ണ, പലതരം അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍, ഏത്തക്കുല, പുളി, പപ്പടം, സോപ്പ്, സോപ്പ് ഉല്‍പന്നങ്ങള്‍, പച്ചക്കറികള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ മേളയില്‍ ലഭ്യമാണ്.
കൂടാതെ 15 ഇനം ഉത്പന്നങ്ങള്‍ അടങ്ങിയ കുടുംബശ്രീ ഓണക്കിറ്റ് 750 രൂപ നിരക്കില്‍ മേളയില്‍ നിന്നും ലഭിക്കും. പായസമേളയും അച്ചാര്‍ മേളയും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ചങ്ങനാശേരി നഗരസഭയിലും മാടപ്പള്ളി ബ്ലോക്കിലും ഉള്‍പ്പെട്ട കുടുംബശ്രീ സിഡിഎസുകളിലെ 35ലധികം സംരംഭകര്‍ മേളയില്‍ പങ്കെടുക്കും.
തൊഴില്‍ രജിസ്‌ട്രേഷന്‍ കൗണ്ടര്‍
തൊഴില്‍ രഹിതരായ യുവതിയുവാക്കള്‍ക്കു തൊഴില്‍ നല്‍കുന്നതിന് വേണ്ടി കുടുംബശ്രീ വിജ്ഞാന കേരളം ഓണത്തിന് ഒരു ലക്ഷം തൊഴില്‍ പദ്ധതിയുടെ ഭാഗമായി പ്രത്യേക രജിസ്‌ട്രേഷന്‍ കൗണ്ടറും മേളയില്‍ പ്രവര്‍ത്തിക്കും. രജിസ്ട്രേഷന്‍ നടത്തുന്നവര്‍ക്ക് വിവിധ സ്ഥാപനങ്ങള്‍ മുഖാന്തിരം തൊഴില്‍ ലഭ്യമാക്കുന്നതാണ്