സ്വകാര്യ ബസിൽ ജോലിക്കായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം; സർക്കാർ തീരുമാനം ശരിവെച്ച് ഹൈക്കോടതി

Spread the love

കൊച്ചി: സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരയോട്ടവും തടയുന്നതിനായി മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയ നിയന്ത്രണങ്ങൾ ശരിവെച്ച് ഹൈക്കോടതി.

ഡ്രൈവർക്കും കണ്ടക്‌ടർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ബസിന്റെ മുൻപിലും പിൻപിലും ഉള്ളിലും കാമറ, വാഹനം എവിടെ എത്തിയെന്ന് കൃത്യമായി അറിയാൻ കഴിയുന്ന ജിയോ ഫെൻസിങ് സംവിധാനം എന്നിവ വേണമെന്ന നിർദ്ദേശങ്ങളാണ് ഹൈക്കോടതി അംഗീകരിച്ചത്. ഈ വിഷയത്തിൽ സംസ്ഥാന മോട്ടോർ വാഹന അതോറിറ്റി കഴിഞ്ഞ ജനുവരിയിൽ എടുത്ത തീരുമാനത്തെയും തുടർന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ ഏപ്രിലിൽ പുറപ്പെടുവിച്ച സർക്കുലറിനെയും ചോദ്യംചെയ്ത ഹർജികൾ തള്ളി, ജസ്റ്റിസ് സി പി മുഹമ്മദ് നിയാസ് ഉത്തരവിട്ടു.

കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷനുൾപ്പെടെ നിരവധി പേർ സമർപ്പിച്ച ഹർജികളാണ് കോടതി പരിഗണിച്ചത്. ബസുകളിൽ ക്യാമറ സ്ഥാപിക്കാൻ ഒക്ടോബർ 10 വരെ അധികസമയം അനുവദിച്ചിരിക്കുകയാണ്. സർക്കാർ അവരുടെ നിലപാട് കേൾക്കാതെ തന്നെ തീരുമാനം എടുത്തുവെന്നും, ഇതോടെ തൊഴിലാളികളെ ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടാതെ, അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നത് ഡ്രൈവർമാരുടെ അശ്രദ്ധയാണെന്നും, വിദ്യാർത്ഥികളടക്കം യാത്രക്കാരോട് മോശമായി പെരുമാറുന്നുവെന്ന പരാതികളും ഉയർന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ കാരണമെന്നും സർക്കാർ വ്യക്തമാക്കി.

പൊതുതാല്പര്യം കണക്കിലെടുത്തുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കാരണമില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ബന്ധപ്പെട്ടവരെ കേൾക്കേണ്ടതുമില്ല. 2023-നും 2025-നും ഇടയിൽ സംസ്ഥാനത്ത് 1017 ബസ് അപകടങ്ങൾ ഉണ്ടായെന്ന് സർക്കാർ അറിയിച്ചത് കോടതി ചൂണ്ടിക്കാട്ടി.