
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാലക്കാട് എത്തിക്കാൻ ഷാഫി പറമ്പിൽ എംപിയുടെ നേതൃത്വത്തില്‍ എഗ്രൂപ്പ് നേതൃയോഗം ചേർന്നെന്ന വാർത്തകളില്‍ പ്രതികരിച്ച് ബിജെപി നേതാവ് പത്മജാ വേണുഗോപാല്‍. കാഞ്ചനയ്ക്ക് മൊയ്തീനോട് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ ആത്മബന്ധമാണ് ഷാഫിയും രാഹുലും തമ്മിലുളളതെന്നും പത്മജ പറഞ്ഞു.
നമുക്കുമുണ്ട് സുഹൃത്തുക്കള്‍. പക്ഷെ ഷാഫി- രാഹുല്‍ സൗഹൃദമാണ് സൗഹൃദം. കാഞ്ചനയ്ക്ക് മൊയ്തീനോട് ഉണ്ടായിരുന്നതിനേക്കാള്‍ വലിയ ആത്മബന്ധം ആണല്ലോ അവർ തമ്മിലുളളത്. ബ്ലാക്മെയ്ലൊന്നും അല്ലല്ലോ? എന്നായിരുന്നു പത്മജയുടെ വാക്കുകൾ. കെപിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിലായിരുന്നു ഗ്രൂപ്പ് യോഗം.
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോഗത്തിലെ ചർച്ച. വിവിധ സംഘടനകളുടെയും ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്റെ നീക്കമെന്നാണ് വിവരം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഏറെ നാള് വിട്ടുനിന്നാല്‍ പ്രതിസന്ധിയാവുമെന്ന് യോഗം വിലയിരുത്തി. എന്നാല്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ വിവരങ്ങള്‍ അറിഞ്ഞില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ സംഘടന ഉചിതമായ തീരുമാനമെടുത്തു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ സജീവമാകുന്നതടക്കം ആലോചിച്ച് ചെയ്യുമെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂർ ഭവന സന്ദർശന പരിപാടിക്കിടെയായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം.