‘ഏത് മൂഡ്… ഓണം മൂഡ്’; ഊരാനും അറിയാം ഉടുപ്പിക്കാനും അറിയാം; കേരള പൊലീസിന്റെ മുണ്ടുടുപ്പിക്കല്‍ വീഡിയോ മാരക വൈറല്‍

Spread the love

കൊച്ചി: മുണ്ട് ഉരിഞ്ഞെടുത്ത് അടിച്ചൊതുക്കാൻ മാത്രമല്ല നന്നായി മുണ്ടുടുപ്പിക്കാനും നമ്മുടെ പൊലീസിന് അറിയാം.

തെളിവ് സോഷ്യല്‍ മീഡിയയിലുണ്ട്.
ഒരു വിദ്യാർത്ഥിക്ക് നല്ല അസലായി മുണ്ടുടുപ്പിച്ചുകൊടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലാണ്. പൊലീസിന്റെ മീഡിയാ സെന്റർ മുണ്ടുടുക്കലിന്റെ വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
നൂറുകണക്കിനുപേരാണ് വീഡിയോ ഇതിനകം കണ്ടത്. ‘ഏത് മൂഡ്… ഓണം മൂഡ്’ എന്ന പാട്ടിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

തലസ്ഥാനത്തെ പ്രശസ്ത കലാലയമായ മാർ ഇവാനിയസ് കോളേജിലാണ് മുണ്ടുടുപ്പിക്കല്‍ നടന്നത്. കോളേജ് പരിസരത്ത് മണ്ണന്തല പൊലീസ് പട്രോളിംഗ് നടത്തുന്നു. ഈ സമയത്താണ് ഓണാഘോഷത്തിന്റെ ഭാഗമായി മുണ്ടുടുത്തെത്തിയ വിദ്യാർത്ഥി അത് നേരെയാക്കാൻ ബുദ്ധിമുട്ടുന്നത് പൊലീസുകാർ കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന പൊലീസ് മനസ് പെട്ടെന്ന് ഉണർന്നു. ഉടൻ തന്നെ വിദ്യാർത്ഥിക്കുമുന്നില്‍ അവർ സഹായ ഹസ്തവുമായി എത്തി.

നന്നായി ഉടുക്കാൻ പാകത്തില്‍ മുണ്ട് മടക്കി നല്‍കാനും കര നേരെയാക്കാനും അവർ സഹായിച്ചു. ഏറ്റവും ഒടുവില്‍ ഷർട്ട് ഉള്‍പ്പെടെ നേരയെയാക്കിയശേഷമാണ് പൊലീസുകാർ മടങ്ങിയത്.

പൊലീസുകാരുടെ മുണ്ടുടുക്കല്‍ വിദ്യാർത്ഥി നല്ലവണ്ണം ആസ്വദിക്കുകയും ചെയ്തു. ഒടുവില്‍ പൊലീസുകാർക്ക് വിദ്യാർത്ഥിയുടെ വക നന്ദിയും ലഭിച്ചു.

വീഡിയോ പുറത്തുവന്നതോടെ പൊലീസുകാർക്ക് അധിന്ദന പ്രവാഹമാണ്. ഒരു ചേട്ടന് അനിയനോടുള്ള സ്നേഹം, ഊരാനും അറിയാം ഉടുപ്പിക്കാനും അറിയാം, ഇതിനൊരു ബിഗ് സല്യൂട്ട് എന്നിങ്ങനെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.