
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്, കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യില്‍ വിജയ് പങ്കെടുത്തേക്കും. നിലവില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഈ യാത്രയില്‍ പങ്കാളിയായിട്ടുണ്ട്.
വിജയ് അടുത്തിടെ ബിജെപിക്കും ഡിഎംകെയ്ക്കും എതിരെ ശക്തമായ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. വോട്ടർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ രാഹുല്‍ നടത്തുന്ന പോരാട്ടങ്ങളെ വിജയ് പിന്തുണച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും കലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും യാത്രയില്‍ പങ്കെടുപ്പിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഈ യാത്രയില്‍ വിജയ് പങ്കെടുക്കുന്നത് ഭാവിയില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യമുണ്ടാക്കാൻ സഹായിക്കുമെന്ന് ടിവികെ കരുതുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെയും മറ്റ് ചെറുകക്ഷികളെയും ചേർത്ത് ഒരു മൂന്നാം മുന്നണി രൂപീകരിക്കാൻ ടിവികെ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഈ നീക്കത്തിലൂടെ, ഡിഎംഡികെ, പിഎംകെ തുടങ്ങിയ പാർട്ടികളെയും ഒപ്പം നിർത്താനാണ് വിജയ് ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡിഎംകെയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയുണ്ടെന്നും, ടിവികെ ഇത് മുതലെടുക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group