
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പത്തുകുന്നേല്‍ ബിന്ദുവിന്റെ നിലവിലെ വീട് പുതുക്കിപ്പണിയുന്ന ജോലികള്‍ ആരംഭിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻഎസ്എസ് ആണ് വീട് പുതുക്കിപ്പണിയുന്നത്. ബിന്ദുവിന്റെ മരണത്തെ തുടർന്ന് നിർധന കുടുംബത്തിന് വാസയോഗ്യമായ വീട് നിർമിച്ചുനല്‍കുമെന്ന് മന്ത്രി ആർ. ബിന്ദു വാഗ്ദാനം നല്‍കിയിരുന്നു.
12.50 ലക്ഷം രൂപ വിനിയോഗിച്ചാണ് വീട് നവീകരിക്കുന്നത്. അടുക്കളയുടെ ഭാഗം പൂർണമായും പൊളിച്ചുമാറ്റി ശൗചാലയം ഉള്‍പ്പെടുന്ന ഒരുമുറിയും അടുക്കളയും വർക്ക് ഏരിയയും പുതുതായി പണിത് നിലവിലുള്ള വീടിനോട് കൂട്ടിചേർത്ത് കോണ്‍ക്രീറ്റുചെയ്യും.
കാലാവസ്ഥ അനുകൂലമായാല്‍ ഒരുമാസത്തിനകം വീടിന്റെ നിർമാണം പൂർത്തിയാക്കാനാകുമെന്ന് ഏകോപനച്ചുമതല വഹിക്കുന്ന സിപിഎം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി ഡോ. സി.എം. കുസുമൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group