
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്.
ട്രിവാൻഡ്രം റോയല്‍സിനെ ഒൻപത് റണ്‍സിനാണ് കൊച്ചി തകർത്തത്. കൊച്ചി ഉയർത്തിയ 192 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തിന് നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുക്കാനേ ആയുള്ളൂ. ആദ്യ ഇലവനില്‍ തിരിച്ചെത്തിയ സൂപ്പർതാരം സഞ്ജു സാംസണ്‍ അർധസെഞ്ചുറിയോടെ തിളങ്ങി. തുടർച്ചയായ രണ്ട് പരാജയങ്ങള്‍ക്ക് ശേഷമാണ് കൊച്ചിയുടെ ജയം.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ട് റണ്‍സെടുക്കുന്നതിനിടെ ടീമിന് രണ്ട് വിക്കറ്റ് നഷ്ടമായി. ഗോവിന്ദ് പൈ, റിയ ബഷീർ എന്നിവർ ഡക്കായി മടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്നാം വിക്കറ്റില്‍ കൃഷ്ണ പ്രസാദും സഞ്ജീവ് സതീശനും ചേർന്ന് ടീമിനെ കരകയറ്റി. കൃഷ്ണ പ്രസാദ് 36 റണ്‍സെടുത്ത് പുറത്തായി.
അർധസെഞ്ചുറി തികച്ച സഞ്ജീവ് ടീമിനെ ജയത്തിനടുത്തെത്തിച്ചു. എന്നാല്‍ സഞ്ജീവിനെ പുറത്താക്കി കൊച്ചി തിരിച്ചടിച്ചു. 46 പന്തില്‍ 70 റണ്‍സാണ് സഞ്ജീവ് അടിച്ചെടുത്തത്. നാല് ഫോറുകളും അഞ്ച് സിക്സറുകളുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
അബ്ദുള്‍ ബാസിത്ത് 26 പന്തില്‍ നിന്ന് 40 റണ്‍സെടുത്തു. ഒടുക്കം നിശ്ചിത 20 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സിന് ട്രിവാൻഡ്രത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. മുഹമ്മദ് ആഷിഖ് കൊച്ചിക്കായി രണ്ടുവിക്കറ്റെടുത്തു.