
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് കളമൊരുങ്ങുന്നു. തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്, കോണ്‍ഗ്രസുമായി കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിന്റെ ഭാഗമായി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’യില്‍ വിജയ് പങ്കെടുത്തേക്കും. നിലവില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ഈ യാത്രയില്‍ പങ്കാളിയായിട്ടുണ്ട്.
വിജയ് അടുത്തിടെ ബിജെപിക്കും ഡിഎംകെയ്ക്കും എതിരെ ശക്തമായ വിമർശനങ്ങള്‍ ഉന്നയിച്ചിരുന്നു. വോട്ടർമാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാൻ രാഹുല്‍ നടത്തുന്ന പോരാട്ടങ്ങളെ വിജയ് പിന്തുണച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെയും കലാ, സാംസ്കാരിക മേഖലകളിലെ പ്രമുഖരെയും യാത്രയില്‍ പങ്കെടുപ്പിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഈ യാത്രയില്‍ വിജയ് പങ്കെടുക്കുന്നത് ഭാവിയില്‍ കോണ്‍ഗ്രസുമായി ഒരു സഖ്യമുണ്ടാക്കാൻ സഹായിക്കുമെന്ന് ടിവികെ കരുതുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ കോണ്‍ഗ്രസിനെയും മറ്റ് ചെറുകക്ഷികളെയും ചേർത്ത് ഒരു മൂന്നാം മുന്നണി രൂപീകരിക്കാൻ ടിവികെ ശ്രമിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഈ നീക്കത്തിലൂടെ, ഡിഎംഡികെ, പിഎംകെ തുടങ്ങിയ പാർട്ടികളെയും ഒപ്പം നിർത്താനാണ് വിജയ് ലക്ഷ്യമിടുന്നത്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഡിഎംകെയുടെ ഭാഗത്തുനിന്ന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന പരാതിയുണ്ടെന്നും, ടിവികെ ഇത് മുതലെടുക്കാൻ ശ്രമിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എങ്കിലും, കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡിഎംകെ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. മുഖ്യമന്ത്രി സ്റ്റാലിനുമായി വളരെ നല്ല ബന്ധമാണ് കോണ്‍ഗ്രസ് നേതൃത്വം പുലര്‍ത്തുന്നത്. ഡിഎംകെ സഖ്യം ഭദ്രമാണെന്ന് സ്റ്റാലിൻ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍, മുന്നണി മാറ്റത്തിന് കോണ്‍ഗ്രസ് സമ്മതിക്കാൻ സാധ്യതയില്ല.
വിജയ്ക്കും അംഗരക്ഷകര്‍ക്കുമെതിരെ കേസ്
മധുരയില്‍ നടന്ന ടിവികെ സമ്മേളനത്തിനിടെയുണ്ടായ ഒരു സംഭവത്തില്‍ നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ അംഗരക്ഷകർക്കും (ബൗണ്‍സർമാർ) എതിരെ പോലീസ് കേസെടുത്തു. പെരമ്ബല്ലൂർ സ്വദേശിയായ ശരത് കുമാർ എന്ന യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സമ്മേളനത്തില്‍ വിജയ് റാംപിലൂടെ നടന്ന് പ്രവർത്തകർക്കിടയിലേക്ക് വരുമ്പോള്‍, അദ്ദേഹത്തിന് സുരക്ഷയൊരുക്കി അംഗരക്ഷകരും കൂടെയുണ്ടായിരുന്നു. ഈ സമയത്ത് റാംപിലേക്ക് കയറാൻ ശ്രമിച്ച തന്നെ അംഗരക്ഷകർ തള്ളിയിട്ടെന്നും, ഇതില്‍ തനിക്ക് പരിക്കേറ്റെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടായെന്നും ശരത് കുമാർ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു ശേഷമാണ് യുവാവ് പോലീസില്‍ പരാതി നല്‍കിയത്.
പെരമ്പല്ലൂർ ജില്ലയിലെ കുന്നം പോലീസ് വിജയ്ക്കും പത്ത് അംഗരക്ഷകർക്കും എതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തില്‍ വിജയയും ടിവികെയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.