
കോട്ടയം: ഓണത്തെ പ്രതീക്ഷയോടെ നോക്കിക്കാണുകയാണ് ജില്ലയിലെ ക്ഷീരകർഷകർ. ഓണത്തിന് മുൻപ് പാല്‍വില ഉയരുമോയെന്ന് ഉറ്റുനോക്കുകയാണ് ക്ഷീരമേഖല.
അതേസമയം വില വർദ്ധിപ്പിച്ചാല്‍ അതിന്റെ മെച്ചം കർഷകർക്ക് കിട്ടാതിരിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും കർഷകർ പറയുന്നു. കഴിഞ്ഞ ജൂലായില്‍ വില ഉയരുമെന്നയിരുന്നു കരുതിയിരുന്നത്. എന്നാല്‍, വില കൂട്ടാതെ ഇതിനെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കുകയാണ് മില്‍മ ചെയ്തത്. കാലിത്തീറ്റയുടെ വിലയും അനുദിനം ഉയരുകയാണ്.
ക്ഷീരസംഘങ്ങളിലേക്ക് പാല്‍ നല്‍കുന്നത് പലകർഷകരും അവസാനിപ്പിച്ചു. പാല്‍ വീടുകളിലും കടകളിലുമാണ് നല്‍കുന്നത്. മില്‍ക്ക് എ.ടി.എം ഉള്‍പ്പെടെ മിക്ക സംഘങ്ങളിലും സജ്ജീകരിച്ചെങ്കിലും പാല്‍വില നല്‍കാൻ സംഘങ്ങള്‍ തയാറാവുന്നില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഷ്ടം സഹിച്ച് ഇനി എത്രകാലം .
എട്ടു രൂപയോളം പാല്‍വില കൂട്ടണമെന്ന് മില്‍മ നിയോഗിച്ച വിദഗ്ദ്ധസമിതി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാല്‍ അഞ്ച് രൂപയില്‍ കൂടുതല്‍ വർദ്ധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് ക്ഷീരകർഷകരുടെ കണക്കുകൂട്ടല്‍.
അഞ്ച് രൂപ വർദ്ധിപ്പിച്ചാല്‍ കർഷകർക്ക് ഒന്നര രൂപ മാത്രമേ ലഭിക്കൂ. ഇത് കൊണ്ട് തങ്ങളുടെ ദുരിതം തീരില്ല. കൂട്ടുന്ന വിലയുടെ പകുതിയെങ്കിലും കർഷകർക്ക് കിട്ടണം.തങ്ങള്‍ക്ക് വേണ്ടിയാണ് വില കൂട്ടുന്നതെന്ന്പറയുമ്പോഴും അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്ന് കർഷകർ തുറന്നടിക്കുന്നു.
ഒരു ലിറ്റർ പാല്‍ ഉത്പ്പാദിപ്പിക്കാൻ 70 രൂപ വേണമെന്നാണ് കേരള ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ ചൂണ്ടികാട്ടുന്നത്.
ഒരു ലിറ്റർ പാലിന് (കർഷകർക്ക് ലഭിക്കുന്ന വില): 43രൂപ
നഷ്ടം സഹിച്ച് പശുവളർത്തേണ്ടെന്ന് തീരുമാനിച്ചാണ് പലരും മേഖല വിട്ടത്. പുറത്ത് നിന്നും എത്തുന്ന പാല്‍ പരിശോധിക്കാൻ അധികൃതർ തയാറാകുന്നില്ല. കർഷകന് 70 രൂപയെങ്കിലും ലഭിക്കത്തക്ക നിലയില്‍ വില ക്രമീകരിക്കണം.