
തൃശ്ശൂർ: ആദ്യ കൊയ്ത്തിന്റെ നെല്ല് ശ്രീ ഗുരുവായൂരപ്പന് സമർപ്പിക്കുന്ന പുണ്യ പ്രസിദ്ധമായ ചടങ്ങിനുള്ള കതിർ കറ്റകള്‍ എത്തി, കാർഷിക സമൃദ്ധിയുടെ ഐശ്യര്യവുമായി ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് ഇല്ലം നിറ.ഇന്ന് (വ്യാഴാഴ്ച) പകല്‍ 11 മുതല്‍ 1.40 വരെയുള്ള ശുഭമുഹൂർത്തത്തിലാണ് ചടങ്ങ്. അഴീക്കല്‍, മനയം പാരമ്പര്യ അവകാശി കുടുംബാംഗങ്ങള്‍ ബുധനാഴ്ച രാവിലെയാണ് കതിർക്കറ്റകള്‍ ക്ഷേത്രം കിഴക്കേ ഗോപുരത്തിന് സമീപമെത്തിച്ചത്. ദേവസ്വം ഭരണസമിതി അംഗം സി മനോജാണ് കതിർക്കറ്റകള്‍ ഏറ്റുവാങ്ങിയത്. അഴീക്കല്‍ കുടുംബാംഗം വിജയൻ നായർ, മനയം കുടുംബാംഗം കൃഷ്ണകുമാർ, ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കല്‍, അസി. മാനേജർ സുശീല, സി എസ് ഒ മോഹൻകുമാർ, മറ്റ് ജീവനക്കാർ, ഭക്തജനങ്ങള്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
ഇല്ലം നിറയുടെ തുടർച്ചയായുള്ള ഈ വർഷത്തെ തൃപ്പുത്തരി സെപ്റ്റംബർ 2 ചൊവ്വാഴ്ച പകല്‍ 9.16 മുതല്‍ 9.56 വരെയുള്ള മുഹൂർത്തത്തില്‍ നടക്കും. തൃപ്പുത്തരി ദിവസം ഭക്തജനങ്ങള്‍ക്കായി 1200 ലിറ്റർ പുത്തരി പായസം തയ്യാറാക്കും. ഒരു ലിറ്ററിന് 240 രൂപയാകും നിരക്ക്. മിനിമം കാല് ലിറ്റർ പായസത്തിന് 60 രൂപയാകും നിരക്ക്. ഒരാള്‍ക്ക് പരമാവധി 2 ടിക്കറ്റ് അനുവദിക്കും. പുത്തരി പായസം തയ്യാറാക്കുന്നതിനുള്ള എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചിട്ടുണ്ട്.
തൃശൂർ പഴുന്നാന ആലാട്ടു വീട്ടില്‍ കൃഷ്ണൻ കുട്ടിയ്ക്ക് ഇല്ലം നിറയ്ക്കുള്ള കറ്റകള്‍ എത്തിയ്ക്കുക ഗുരുവായുരപ്പ നിയോഗമാണ്. അദ്ദേഹവും കുടുംബവും 30 സെന്റ് വരുന്ന പാടം ഗുരുവായൂരപ്പന് നേരത്തെ സമർപ്പിച്ചതാണ്. വർഷങ്ങള്‍ക്ക് മുൻപാണ് കൃഷ്ണൻ കുട്ടി തന്റെ പാടം ശ്രീഗുരുവായൂരപ്പന് സമർപ്പിക്കുന്നത്. അധ്വാനഭാരത്താല്‍ ആ മണ്ണില്‍ വിത്തെറിഞ്ഞു. പൊന്നിൻ കതിർക്കറ്റകള്‍ വിരിയിച്ചു. സ്വന്തം ചെലവില്‍ അവ ഗുരുവായൂരപ്പ സന്നിധിയിലെത്തിച്ചു. മൂന്നാം വർഷവും ഗുരുവായൂർ ഇല്ലം നിറക്ക് കതിർക്കറ്റകള്‍ നല്കി കൃഷ്ണൻ കുട്ടി ആത്മസമർപ്പണത്തിന്റെ നിറവിലായി. ഇത്തവണയും കൃഷ്ണൻ കുട്ടി ആ പതിവ് തുടർന്നു. ബുധനാഴ്ച്ച കാലത്ത് 350 കറ്റകളുമായി കൃഷ്ണൻ കുട്ടി ഗുരുവായൂരില്‍ എത്തി. കിഴക്കേ ഗോപുരത്തിനു സമീപം പ്രത്യേകം തയ്യാറാക്കിയ തട്ടില്‍ അദ്ദേഹം കതിർ കറ്റകള്‍ സമർപ്പിച്ചു. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കല്‍ കറ്റകള്‍ ഏറ്റുവാങ്ങി. ദർശനത്തിന് ശേഷം അദ്ദേഹത്തിന് കളഭം, കദളിപ്പഴം പഞ്ചസാര തിരുമുടിമാല എന്നിവയടങ്ങിയ ശ്രീ ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ നല്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group