
കൊല്‍ക്കത്ത: റമദാന്‍ കാലത്ത് നോമ്പെടുക്കാതെ ഈ വര്‍ഷം മാര്‍ച്ചില്‍ ദുബായിയില്‍ ചാമ്പ്യൻസ് ട്രോഫി മത്സരത്തിനിടെ എനര്‍ജി ഡ്രിങ്ക് കുടിച്ച സംഭവത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ ആദ്യമായി പ്രതികരിച്ച് ഇന്ത്യൻ പേസര്‍ മുഹമ്മദ് ഷമി. വിശുദ്ധഗ്രന്ഥമായ ഖുർആനിൽ പോലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ നോമ്പെടുക്കാതിരിക്കാന്‍ വിശ്വാസികളെ അനുവദിച്ചിട്ടുണ്ടെന്ന് ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തില്‍ മുഹമ്മദ് ഷമി പറഞ്ഞു. രാജ്യത്തിനുവേണ്ടി എത്ര മികച്ച പ്രകടനം നടത്തിയാലും പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ താന്‍ പരിഹാസങ്ങള്‍ക്കും വെറുപ്പിനും ഇരയാകാറുണ്ടെന്നും ഷമി വ്യക്തമാക്കി.
ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ നോമ്പ് മുറിക്കാന്‍ വിശുദ്ധഗ്രന്ഥത്തില്‍ പോലും വിശ്വാസികളെ അനുവദിക്കുന്നുണ്ട്. 42-45 ഡിഗ്രി ചൂടില്‍ ആണ് ഞങ്ങള്‍ മത്സരങ്ങള്‍ കളിക്കാനിറങ്ങുന്നത്. വിമര്‍ശിക്കുന്നവര്‍ ഇക്കാര്യം കൂടിയൊന്ന് മനസിലാക്കണം. ഞങ്ങളുടെ വിശുദ്ധഗ്രന്ഥത്തില്‍ പോലും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ നോമ്പ് മുറിക്കാമെന്ന് പറയുന്നുണ്ട്. പിന്നീട് അതിന് വേണ്ട പ്രായശ്ചിത്തം ചെയ്താല്‍ മതി. അത് ഞാന്‍ ചെയ്യാറുമുണ്ട്. ചിലര്‍ പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ വരുന്ന ട്രോളുകളും കമന്‍റുകളുമൊന്നും താനിപ്പോള്‍ ശ്രദ്ധിക്കാറില്ലെന്നും ഷമി പറഞ്ഞു.
റമദാന്‍ നോമ്പ് കാലത്ത് നടന്ന ഓസ്ട്രേലിയക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമി ഫൈനല്‍ മത്സരത്തിനിടെ പന്തെറിഞ്ഞശേഷം ബൗണ്ടറിക്കരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഷമി എനര്‍ജി ഡ്രിങ്ക് കുടിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് കാരണമായത്. മുസ്ലീമായിട്ടും നോമ്പുകാലത്ത് ഷമി വെള്ളം കുടിച്ചത് തെറ്റായെന്നും ചെയ്ത തെറ്റിന് മാപ്പുപറയണമെന്നും സോഷ്യല്‍ മീഡിയയില്‍ ചില ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. റമദാന്‍ വ്രതകാലത്ത് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംല നോമ്പെടുത്തിട്ടും മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതിന് മുന്‍ഗണന നല്‍കിയ ഷമിയെ പിന്തുണച്ചും ആരാധകര്‍ രംഗത്തുവന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group