കോളേജ് പഠനകാലത്ത് തന്റെ സുഹൃത്തിന്റെ രഹസ്യം പൊളിച്ചാണ് ഈ മേഖലയില്‍ ആദ്യ ചുവടുവയ്പ്പ്: വീട്ടുജോലിക്കാരിയായും തെരുവ് കച്ചവടക്കാരിയായും ഗർഭിണിയായുമൊക്കെ വേഷംമാറി: ഇന്ത്യയിലെ ആദ്യ ഡിറ്റക്ടീവിന്റെ കഥയിങ്ങനെ.

Spread the love

ഡൽഹി:ഷെർലക് ഹോംസ്, ജെയിംസ് ബോണ്ട് തുടങ്ങിയ അതിപ്രശസ്തരായ ഡിറ്റക്ടീവുകളെക്കുറിച്ച്‌ കേട്ടിട്ടില്ലാത്തവർ കുറവായിരിക്കും, എന്നാല്‍ ഇന്ത്യയുടെ ആദ്യ വനിതാ ഡിറ്റക്ടീവിനെക്കുറിച്ച്‌ എത്രപ്പേർക്കറിയാം?
വീട്ടുജോലിക്കാരിയായും തെരുവ് കച്ചവടക്കാരിയായും ഗർഭിണിയായുമൊക്കെ വേഷംമാറി രജനി പണ്ഡിറ്റ് എന്ന മഹാരാഷ്ട്രക്കാരി തുമ്പുണ്ടാക്കിയത് രാജ്യത്തെ അതിപ്രമാദമായ കേസുകള്‍ക്കാണ്.

പുരുഷാധിപത്യമുള്ള മേഖലയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചയാളാണ് രജനി പണ്ഡിറ്റ്. കോളേജ് പഠനകാലത്ത് തന്റെ സുഹൃത്തിന്റെ രഹസ്യം പൊളിച്ചാണ് ഈ മേഖലയില്‍ ആദ്യ ചുവടുവയ്പ്പ് നടത്തിയതെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവർ വെളിപ്പെടുത്തി. സുഹൃത്തിന്റെ സ്വഭാവത്തിലെ മാറ്റം രജനി ശ്രദ്ധിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ സുഹൃത്ത് ഒരു സെക്‌സ് റാക്കറ്റില്‍പ്പെട്ടതായി രജനി കണ്ടെത്തുകയായിരുന്നു. ഇക്കാര്യം സുഹൃത്തിന്റെ വീട്ടിലറിയിക്കാൻ താൻ തീരുമാനിച്ചതായി രജനി പറഞ്ഞു.

എന്നാല്‍ സുഹൃത്ത് എതിർത്തു. എന്നിരുന്നാലും വീട്ടുകാരെ അറിയിച്ചതില്‍ പിന്നീടവർ നന്ദി പറഞ്ഞതാണ് വഴിത്തിരിവായതെന്നും രജനി അഭിമുഖത്തില്‍ പറഞ്ഞു.
വനിതാ ഡിറ്റക്ടീവ് എന്ന ആശയം തന്നെ ആരും ചിന്തിക്കാതിരുന്ന കാലത്താണ് 1983ല്‍ രജനി ഈ രംഗത്തെത്തുന്നത്. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ (സിഐഡി) സബ് ഇൻസ്‌പെക്ടറായിരുന്നു രജനിയുടെ പിതാവ്. മകളുടെ ആഗ്രഹം കേട്ട് പിതാവ് മടിച്ചു. എന്നാല്‍ തന്റെ പിതാവിന് സാധിക്കുമെങ്കില്‍ തനിക്കും കഴിയുമെന്ന് രജനി ദൃഢനിശ്ചയമെടുത്തു. ചുറ്റിനുമുള്ളവരുടെ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും അവർ ചെവികൊണ്ടില്ല. രജനി തന്റെ മേഖലയില്‍ കഴിവ് തെളിയിച്ചുകൊണ്ടേയിരുന്നു. 1989ഓടെ രജനിയുടെ പ്രശസ്തി വർദ്ധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദൂരദർശനിലെ പ്രശസ്ത പരിപാടിയായ ‘ഹം കിസി സേ കം നഹിയില്‍’ എത്തിയതാണ് അവരെ കൂടുതല്‍ പ്രമുഖയാക്കിയത്. ഒരൊറ്റ പരിപാടിയില്‍ പങ്കെടുത്തതോടെ രജനിക്ക് മുന്നിലെത്തുന്ന വർക്കുകള്‍ ഇരട്ടിച്ചു. അവിഹിത ബന്ധങ്ങള്‍, മിസിംഗ് കേസുകള്‍, ബിസിനസ് രംഗത്തെ ചതികള്‍, സാമ്പത്തിക പ്രശ്നങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടു.

1986ല്‍ രജനി ‘രജനി ഇൻവെസ്റ്റിഗേഷൻ ബ്യൂറോ’ എന്ന പേരില്‍ സ്വന്തം സ്ഥാപനം ആരംഭിച്ചു. പിന്നീട് ‘രജനി പണ്ഡിറ്റ് ഡിറ്റക്ടീവ് സർവീസസ്’ എന്ന് പേരുമാറ്റി. 2010ഓടെ രജനിയുടെ കമ്പനിയിലെ ഡിറ്റക്ടീവുകളുടെ എണ്ണം 30 ആയി. നാല് പതിറ്റാണ്ടിനിടെ 75,000 കേസുകളാണ് രജനി തെളിയിച്ചത്. ഇതിനുപുറമെ ‘ഫേസസ് ബിഹൈൻഡ് ഫേസസ്’, ‘മായാജാല്‍’ എന്ന പേരില്‍ രണ്ട് പുസ്‌തകങ്ങളും രചിച്ചു. 2019ല്‍ സംവിധായകൻ ദിനകർ റാവു ‘ലേഡി ജെയിംസ് ബോണ്ട്’ എന്ന പേരില്‍ രജനി പണ്ഡിറ്റിനെക്കുറിച്ച്‌ ഒരു ഡോക്യുമെന്ററിയും നിർമിച്ചു.