റണ്‍വേട്ടയില്‍ സഞ്ജുവിനെയും പിന്നിലാക്കി അഹമ്മദ് ഇമ്രാന്‍; വിക്കറ്റ് വേട്ടയില്‍ ഒന്നാമനായി അഖില്‍ സ്കറിയ

Spread the love

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ രണ്ടിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തി തൃശൂര്‍ ടൈറ്റന്‍സ് താരം അഹമ്മദ് ഇമ്രാന്‍. നാലു മത്സരങ്ങളില്‍ നിന്ന് 62.25 ശരാശരിയിലും 162.75 സ്ട്രൈക്ക് റേറ്റിലും 249 റണ്‍സടിച്ചാണ് അഹമ്മദ് ഇമ്രാന്‍ ഒന്നാം സ്ഥാനത്തെത്തിയത്. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയായ സഞ്ജു സാംസണാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. നാലു മത്സരങ്ങളില്‍ നിന്ന് 74.33 ശരാശരിയില്‍ 187.39 സ്ട്രൈക്ക് റേറ്റില്‍ 223 റണ്‍സടിച്ചാണ് സഞ്ജു റണ്‍വേട്ടക്കാരില്‍ രണ്ടാമനായത്.

ടൂര്‍ണമെന്‍റില്‍ ഇതുവരെ 16 സിക്സുകള്‍ പറത്തിയ സഞ്ജു കൂടുതല്‍ സിക്സ് പറത്തിയ താരങ്ങളില്‍ രണ്ടാമതാണ്. കെസിഎല്ലിലെ ആദ്യ മത്സരത്തില്‍ അഞ്ചാമനായി ഇറങ്ങാനിരുന്ന സഞ്ജു ബാറ്റിംഗിനിറങ്ങിയിരുന്നില്ല. രണ്ടാം മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ സഞ്ജു 22 പന്തില്‍ 13 റൺസ് മാത്രമെടുത്ത് പുറത്തായത് നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ 51 പന്തില്‍ 121 റണ്‍സെടുത്ത സഞ്ജു ഇന്നലെ 46 പന്തില്‍ 89 റണ്‍സുമടിച്ചാണ് റണ്‍വേട്ടയില്‍ രണ്ടാമനായത്. ഇന്ന് അഞ്ചാം മത്സരത്തിനിറങ്ങുന്ന സഞ്ജുവിന് ഒന്നാം സ്ഥാനത്തെത്താന്‍ അവസരമുണ്ട്.

കെസിഎല്ലില്‍ റണ്‍വേട്ടയില്‍ മൂന്നാമനാണെങ്കിലും സ്ട്രൈക്ക് റേറ്റിലും സിക്സര്‍ വേട്ടയിലും സഞ്ജുവിനെയും പിന്നിലാക്കുന്നൊരു താരമുണ്ട്. നാലു മത്സരങ്ങളില്‍ 181 റണ്‍സടിച്ച് റണ്‍വേട്ടയില്‍ മൂന്നാമതുള്ള വിഷ്ണു വിനോദിന്‍റെ സ്ട്രൈക്ക് റേറ്റ് 212.94 ആണ്. 18 സിക്സുകള്‍ വിഷ്ണു ഇതുവരെ പറത്തിയിട്ടുണ്ട്. കൃഷ്ണപ്രസാദ്(180), സച്ചിന്‍ ബേബി(157), സല്‍മാന്‍ നിസാര്‍(149), അഖില്‍ സ്കറിയ(128), മുഹമ്മദ് അസറുദ്ദീന്‍(126), ആനന്ദ് കൃഷ്ണന്‍(118), രോഹന്‍ കുന്നുമ്മല്‍(111) എന്നിവരാണ് ആദ്യ പത്തിലുള്ള താരങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിക്കറ്റ് വേട്ടയില്‍ നാലു മത്സരങ്ങളില്‍ കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന്‍റെ അഖില്‍ സ്കറിയ ആണ് ഒന്നാമത്. നാലു മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകള്‍ വീഴ്ത്തിയാണ് അഖില്‍ ഒന്നാമത് എത്തിയത്. എട്ട് വിക്കറ്റുമായി തൃശൂര്‍ ടൈറ്റന്‍സിന്‍റെ സിബിന്‍ ഗിരീഷ് ആണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ മുഹമ്മദ് ആഷിഖിനും എട്ട് വിക്കറ്റുണ്ട്. ഏഴ് വിക്കറ്റ് വീതമെടുത്ത ഏരീസ് കൊല്ലം സെയ്‌ലേഴ്സിന്‍റെ എ ജി അമലും കെ എം ആസിഫുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.