നെയ്മറെ വീണ്ടും തഴഞ്ഞ് ആഞ്ചലോട്ടി: ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

Spread the love

റിയോഡി ജനീറോ: ബ്രസീൽ ദേശീയ ടീമിലേക്ക് തിരിച്ചെത്താനുള്ള നെയ്മർ ജൂനിയറിന്‍റെ ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള 23 അംഗ ബ്രസീല്‍ ടീമിൽ നെയ്മറെ കോച്ച് കാര്‍ലോ ആഞ്ചലോട്ടി ഉൾപ്പെടുത്തിയില്ല. ആഞ്ചലോട്ടി പരിശീലകനായതിന് ശേഷം നെയ്മർ ജൂനിയർ ബ്രസീൽ ദേശീയ ടീമിൽ നിന്ന് രണ്ടാം തവണയാണ് പുറത്താവുന്നത്. ബ്രസീലിയൻ ക്ലബ് സാന്‍റോസിന്‍റെ താരമായ നെയ്മർ പരിക്കിൽ നിന്ന് പൂർണമായി മുക്തനായിട്ടിലെന്നും പൂർണ കായികക്ഷമത ഇല്ലാത്തവരെ ടീമിൽ ഉൾപ്പെടുത്തില്ലെന്നും കോച്ച് ആഞ്ചലോട്ടി വ്യക്തമാക്കി.

2023 ഒക്ടബോറിന് ശേഷം നെയ്മർ ബ്രസീൽ ടീമിൽ കളിച്ചിട്ടില്ല. ബ്രസീല്‍ കുപ്പായത്തില്‍ 79 ഗോൾ നേടിയിട്ടുള്ള നെയ്മർ ബ്രസീലിന്‍റെ എക്കാലത്തേയും മികച്ച ഗോള്‍ സ്കോററാണ്. നെയ്മറിനൊപ്പം റയൽ മാഡ്രിഡ് താരങ്ങളായ വിനിഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരേയും ഒഴിവാക്കി. സീനിയർ താരം കാസിമിറോയെ നിലനിർത്തിയപ്പോൾ ഒത്തുകളി ആരോപണ കേസിൽ കുറ്റ വിമുക്തനായ ലൂക്കാസ് പക്വേറ്റ ടീമിലേക്ക് തിരിച്ചെത്തി.

വിനീഷ്യസിനെയും റോഡ്രിഗോയെയും ഒഴിവാക്കാനുള്ള തീരുമാനത്തെ ആഞ്ചലോട്ടി ന്യായീകരിച്ചു. തനിക്ക് നന്നായി അറിയാവുന്ന താരങ്ങളായതുകൊണ്ടാണ് അവരെ പരിഗണിക്കാതിരുന്നതെന്നും അവരുടെ മികവിനെക്കുറിച്ച് തനിക്ക് സംശയമൊന്നുമില്ലെന്നും ആഞ്ചലോട്ടി പറ‍ഞ്ഞു. റയല്‍ മാഡ്രിഡ് പരിശീലകനായിരുന്ന ആഞ്ചലോട്ടിക്ക് കീഴില്‍ കളിച്ച താരങളാണ് വിന്യീഷ്യസും റോഡ്രിഗോയും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലിസൺ ബെക്കർ, അലക്‌സ് സാന്ദ്രോ, മാർക്വിഞ്ഞോസ്, ബ്രൂണോ ഗ്വുമെയ്റസ് , ഗബ്രിയേൽ മാർട്ടിനെല്ലി, യാവോ പെഡ്രോ, മത്തേയൂസ് കൂഞ്ഞ,റഫീഞ്ഞ, റിച്ചാർലിസൺ തുടങ്ങിയവർ ടീമിലുണ്ട്. ബ്രസീൽ സെപ്റ്റംബർ നാലിന് ചിലെയെയും ഒമ്പതിന് ബൊളീവിയയെയും നേരിടും. 16 കളിയിൽ 25 പോയന്‍റുമായി മേഖലയിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീൽ അടുത്ത വർഷത്തെ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.