സ്കൂളിലെ ഓണാഘോഷത്തിന് ഇസ്ലാം മതസ്ഥർ വേണ്ടെന്ന് അധ്യാപിക; മാതാപിതാക്കൾക്ക് അധ്യാപികയുടെ വാട്സ് ആപ്പ് സന്ദേശം

Spread the love

കുന്നംകുളം:നമ്മുടെ കുട്ടികള്‍ ഓണാഘോഷത്തില്‍ പങ്കെടുക്കരുത്’ ഇസ്ലാം മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കരുത് എന്ന തരത്തില്‍ അധ്യാപകര്‍ രക്ഷിതാക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്ത്. തൃശ്ശൂര്‍ പെരുമ്പിലാവിലുള്ള സിറാജുള്‍ ഉലൂം ഇംഗ്ലീഷ് ഹൈസ്‌കൂളിലെ അധ്യാപകരാണ് ഇത്തരത്തില്‍ സന്ദേശം അയച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയില്‍ കുന്നംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

രണ്ട് അധ്യാപകരാണ് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ ശബ്ദസന്ദേശം അയച്ചിരിക്കുന്നത്. സ്‌കൂളില്‍ ഓണാഘോഷം നടക്കുമ്പോള്‍ ഇസ്ലാം മതവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ പങ്കെടുക്കരുത്. മക്കളെ ഇക്കാര്യം പറഞ്ഞ് ബോധ്യപ്പെടുത്തണം എന്ന തരത്തിലാണ് മാതാപിതാക്കള്‍ക്ക് ലഭിച്ചിട്ടുള്ള സന്ദേശത്തില്‍ പറയുന്നത്.

ശബ്ദസന്ദേശത്തില്‍ അധ്യാപിക പറയുന്നത് ഇങ്ങനെ; ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഓണാഘോഷവുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. മറ്റ് മതസ്ഥരുടെ ആചാരങ്ങളെ നമ്മള്‍ ഒരുതരത്തിലും പങ്കുകൊള്ളാന്‍ പാടില്ല. ആഘോഷത്തില്‍ നമ്മളോ നമ്മുടെ മക്കളോ ആരുംതന്നെ പങ്കെടുക്കുന്നില്ല. വേഷവിധാനത്തിലാണെങ്കിലും മറ്റെന്ത് കാര്യത്തിലാണെങ്കിലും ആ ആചാരത്തോട് ഒരുവിധത്തിലും നമ്മള്‍ ഒത്തുപോകാന്‍ പാടില്ല. അത്തരം പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാന്‍ നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നതോടെ സ്‌കൂളിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. സിപിഎമ്മും ഡിവൈഎഫ്‌ഐയും ഇതിനോടകം പ്രതിഷേധങ്ങളുമായി രംഗത്തെത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് അടുത്ത ദിവസം പ്രകടനം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു.\

അതേസമയം, ഓണാഘോഷം ഏറ്റവും ഭംഗിയായി നടത്തുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ഈ ശബ്ദസന്ദേശവുമായി സ്‌കൂള്‍ അധികൃതര്‍ക്ക് ബന്ധമില്ലെന്നും തന്റെ അറിവോടെയല്ല അധ്യാപകര്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ അയച്ചതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു. വിഷയത്തില്‍ നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു