റബ്ബർ വില തകർച്ച സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം:250 രൂപ എങ്കിലും തറവില പ്രഖ്യാപിച്ച് റബ്ബർ വിലയിടിവ് തടയണം: കെ. ഫ്രാൻസിസ് ജോർജ് എം.പി.

Spread the love

കോട്ടയം :അനുദിനം തകരുന്ന സ്വാഭാവിക റബ്ബറിൻ്റെ വില തകർച്ച തടയുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഡ്വ.കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി. ആവശ്യപ്പെട്ടു. തുടർച്ചയായ മഴ ടാപ്പിങ്ങ് പ്രവർത്തനങ്ങൾക്ക് തടസമായിരുന്നു. ഇത് ഉൽപ്പാദനത്തിൽ കുറവുണ്ടാക്കി.
ഇങ്ങനത്തെ സാഹചര്യങ്ങളിൽ വില ഉയരേണ്ടതാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ ദിവസവും ഉണ്ടാകുന്ന വില തകർച്ച സംസ്ഥാന സർക്കാർ കണ്ടില്ലന്ന് നടിക്കുന്നത് പ്രതിക്ഷേധാർഹമാണന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

കേരളമാണ് രാജ്യത്തെ 80 ശതമാനത്തോളം റബ്ബർ ഉൽപ്പാദിപ്പിക്കുന്നത്. അഞ്ചര ലക്ഷത്തിലേറെ ഹെക്ടർ സ്ഥലത്താണ് കേരളത്തിൽ റബ്ബർ ഉൽപ്പാദനം നടത്തുന്നത്. എട്ട് ലക്ഷത്തോളം വരുന്ന ചെറുകിട കർഷകർ ആണ് 87 ശതമാനത്തോളം റബ്ബർ ഉൽപ്പാദനം നടത്തുന്നത്.

കേരളത്തിൻ്റെ സാമ്പത്തിക കാർഷിക വരുമാനത്തിൻ്റെ കാര്യത്തിൽ റബ്ബർ വളരെ നിർണ്ണായകമാണ് . കഴിഞ്ഞ മാസം 215 രൂപയോളം വില വന്നിരുന്ന റബ്ബർ പിന്നീട് താഴ്ന്ന് 189 രൂപ വരെ എത്തി.
ഇത് വലിയ പ്രതിസന്ധിയാണ് കർഷകർക്കും കേരളത്തിൻ്റെ സാമ്പത്തിക അവസ്ഥക്കും ഉണ്ടാക്കിയിട്ടുള്ളതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രശ്നത്തിന് ആക്കം കൂട്ടുന്ന വിധത്തിലാണ് കോബൗണ്ട് റബ്ബറിൻ്റെ ഇറക്കുമതി ആസിയാൻ രാജ്യങ്ങളിൽ നിന്നൊക്കെ ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. കുറഞ്ഞ നികുതിക്ക് കോബൗണ്ട് റബ്ബർ വലീയ തോതിൽ ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതോടൊപ്പം തന്നെയാണ് വൻ കിട ടയർ നിർമ്മാണ കമ്പനികൾ വില ഇടിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതായി പറയപ്പെടുന്നത്.
ഇടതു മുന്നണി സർക്കാർ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പറഞ്ഞിരുന്ന 200 രൂപ തറവില പ്രഖ്യാപനം നടപ്പാക്കിയിരുന്നങ്കിൽ വില 200 രൂപയിൻ താഴില്ലായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ ഉൽപ്പാദന ചെലവ് കണക്കാക്കിയാൽ 250 രൂപ എങ്കിലും തറവില പ്രഖ്യാപിച്ച് റബ്ബർ വിലയിടിവ് തടയണം.

കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണം. വില തകർച്ചക്ക് ടയർ കമ്പനികൾ ആസൂത്രിതമായി വില തകർക്കാൻ ശ്രമിക്കുന്നു എന്നുള്ളത് പരിശോധിക്കുകയും അത് തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
കോബൗണ്ട് റബ്ബറിൻ്റെ നികുതി ഏറ്റവും കുറഞ്ഞത് 70 ശതമാനം ആയെങ്കിലും വർദ്ധിപ്പിക്കണം.
കർഷകർക്ക് പ്രത്യേകമായ ആശ്വാസ പാക്കേജ് കേന്ദ്ര സർക്കാർ പ്രഖാപിക്കണം എന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

റബ്ബർ ബോർഡ് മുൻകൈ എടുത്ത് വില സ്ഥിരത പദ്ധതി സംസ്ഥാന ഗവൺമെൻ്റുമായി ചേർന്ന് നടപ്പാക്കാൻ ഉള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണം.
കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കാൻ റബ്ബർ അധിഷ്ഠിതമായ ഉൽപ്പനങ്ങൾ മൂല്യവർദ്ധിത ഉൽപന്നങ്ങൾ ആയി നിർമ്മിക്കാൻ കേന്ദ്ര സർക്കാർ സഹായം അനുവദിക്കണം.
റബ്ബറിനെ മിനിമം താങ്ങുവിലയുടെ പരിധിയിൽ ഉൾപ്പെടുത്തണം.
പുതുക്കിയ കാലാവസ്ഥ അനുസൃത വിള ഇൻഷുറൻസ് പദ്ധതിയിൽ റബറിനെ ഉൾപ്പെടുത്താൻ നടപടി ആരംഭിക്കണം.
പുനകൃഷിക്കുള്ള സബ്സിഡി ഒരു ഹെക്ടറിന് ഏറ്റവും ചുരുങ്ങിയത് 1 ലക്ഷം രൂപയായി ഉയർത്തണം.

റബ്ബർ വില സ്ഥിരതാ ഫണ്ട് ദേശീയ തലത്തിൽ രൂപീകരിക്കണം.
ഏറ്റവും ചുരുങ്ങിയ ഇറക്കുമതി വില റബ്ബറിന് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം.
ക്രബ് റബ്ബർ ഇറക്കുമതി കേന്ദ്ര സർക്കാർ തടയണം.
റബ്ബർ ബിറ്റുമിൻ ഉൽപ്പാദിപ്പിച്ച് ദേശീയ തലത്തിൽ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം.
സ്വാഭാവിക റബ്ബർ ഇറക്കുമതി ചെയ്ത് പുതീയ ഉൽപ്പനങ്ങൾ ആക്കി മാറ്റി കയറ്റുമതി ചെയ്യുന്നവർക്ക് നൽകുന്ന അഡ്വാൻസ് ലൈസൻസ് കാലാവധി 6 മാസം എന്നത് വർദ്ധിപ്പിക്കരുതെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.