
മൂവാറ്റുപുഴ: ഗതാഗത നിയമ
ലംഘനത്തിനുള്ള പിഴത്തുക തട്ടിയെടുത്ത കേസില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കസ്റ്റഡിയിലെടുത്ത് മൂവാറ്റുപുഴ പൊലീസ്.
മൂവാറ്റുപുഴ ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റില്‍ റൈറ്ററായിരുന്ന ശാന്തി
കൃഷ്ണനെയാണ് കോട്ടയം കിടങ്ങൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. വകുപ്പുതല നടപടിയുടെ ഭാഗമായി ശാന്തികൃഷ്ണനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് ശാന്തികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാത്രി 11ഓടെയാണ് കോട്ടയം കിടങ്ങൂരിലെ ബന്ധുവീട്ടില്‍ നിന്ന് ശാന്തിയെ കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെ പ്രതിയെ മൂവാറ്റുപുഴ ഡി വൈ എസ് പി ഓഫീസിലെത്തിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 മുതല്‍ 2022 വരെ ട്രാഫിക് പൊലീസ് പിഴയടപ്പിച്ച് പിരിച്ചെടുത്ത തുകയില്‍ ക്രമക്കേട് നടത്തിയാണ് മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ റൈറ്ററായിരുന്ന ശാന്തി കൃഷ്ണൻ തട്ടിപ്പ് നടത്തിയത്. പിഴയായി ഈടാക്കുന്ന തുക അതത് ദിവസം റൈറ്ററെ ഏല്‍പ്പിക്കുകയാണ് ഇ-പോസ് യന്ത്രം വരുന്നതിനു മുൻപ് ചെയ്തിരുന്നത്. സർക്കാർ രേഖകളായ ക്യാഷ് ബുക്ക്, ബാങ്ക് രസീതുകള്‍ എന്നിവകളില്‍ കൃത്രിമം വരുത്തി ഈടാക്കിയ തുകയെക്കാളും കുറഞ്ഞ തുക രജിസ്റ്ററുകളില്‍ എഴുതിയാണ് തട്ടിപ്പ് നടത്തിയത്.
പ്രാഥമിക അന്വേഷണത്തില്‍ 4 വർഷത്തിനിടെ ഇങ്ങനെ 16 ലക്ഷം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തല്‍. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനില്‍ നിന്ന് പിന്നീട് വാഴക്കുളം പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോയ ശാന്തികൃഷ്ണനെ വകുപ്പുതല നടപടിയുടെ ഭാഗമായി സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.