റോഡ് സൈഡിലെ കരിങ്കൽക്കൂട്ടം അപകടമുണ്ടാക്കുന്നു: പഞ്ചായത്ത് പൊതുമരാമത്തിനോട് കല്ല് നീക്കാൻ ആവശ്യപ്പെട്ടു: വികസന സമിതി യോഗത്തിലും ആവശ്യപ്പെട്ടു: നോ രക്ഷ: ഒടുവിൽ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു; അകലക്കുന്നം പഞ്ചായത്തിലെ മൈങ്കണ്ടം-കാഞ്ഞിരമറ്റം റോഡില്‍ വഴിയോരത്ത് പിഡബ്ള്യുഡി അധികൃതര്‍ രണ്ടുവര്‍ഷം മുമ്പ് ഇറക്കിയിട്ടതാണ് കരിങ്കല്ല്.

Spread the love

അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തിലെ മൈങ്കണ്ടം-കാഞ്ഞിരമറ്റം റോഡില്‍ വഴിയോരത്ത് പിഡബ്ള്യുഡി അധികൃതര്‍ രണ്ടുവര്‍ഷം മുമ്പ് ഇറക്കിയിട്ട കരിങ്കല്ല് മാറ്റാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍.

സമീപ പഞ്ചായത്തായ പള്ളിക്കത്തോട്ടിലെ തോടുവക്ക് പൊളിച്ചപ്പോള്‍ ലഭിച്ച കരിങ്കല്ലാണ് വഴിയോരത്ത് അര കിലോമിറ്ററോളം ദൂരത്തില്‍ നിരത്തിയിട്ടിരിക്കുന്നത്. കല്ല് മാറ്റാത്തതിനാല്‍ വഴിയോരം കാടുകയറി മൂടി വഴിയാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ദുരിതമായി മാറിയിരിക്കുകയാണ്.

തിരുവഞ്ചൂര്‍-ഒട്ടയ്ക്കല്‍ റോഡിന്‍റെ ഭാഗമായ ഈ റോഡിലൂടെ ആംബുലന്‍സും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ദിവസേന കടന്നുപോകുന്നത്. കിഴക്കന്‍ മേഖലയായ കാഞ്ഞിപ്പള്ളി, കട്ടപ്പന ഭാഗങ്ങളില്‍നിന്നും ചേര്‍പ്പുങ്കല്‍ മെഡിസിറ്റിയിലേക്കും കോട്ടയം മെഡിക്കല്‍ കോളജിലേക്കും പെട്ടെന്ന് എത്തിച്ചേരുവാനുള്ള വഴിയായതിനാല്‍ കരിങ്കല്ല് മൂലം റോഡിന്‍റെ വീതി കുറഞ്ഞത് അപകടം വരുത്തിവയ്ക്കുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ.ആര്‍.നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രധാന പാതയും ഇതാണ്. ഈ ഭാഗം കാട് കയറി കിടക്കുന്നതിനാല്‍ മാലിന്യം വലിച്ചെറിയുന്നത് പതിവാണെന്നു നാട്ടുകാരും പറയുന്നു.
കരിങ്കല്ല് മാറ്റണമെന്ന് അകലക്കുന്നം പഞ്ചായത്ത് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് പിഡബ്ല്യുഡി അധികൃതര്‍ക്ക് പല തവണ പരാതി നല്കിയെങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ല.

ജില്ലാ വികസനസമിതി യോഗത്തിലും പഞ്ചായത്ത് അധികൃതര്‍ നിവേദനം നല്കിയിരുന്നു. കരിങ്കല്ല് മാറ്റി നാട്ടുകാര്‍ക്ക് സുഗമമായി നടക്കാന്‍ കഴിയുന്ന രീതിയില്‍ റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പിഡബ്ള്യുഡി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പു നല്കി.