പമ്പയിലെ ആഗോള അയ്യപ്പസംഗമം; എം കെ സ്റ്റാലിൻ പങ്കെടുക്കില്ല; പകരം മന്ത്രിമാരെ ചുമതലപ്പെടുത്തി

Spread the love

തിരുവനന്തപുരം: പമ്പയില്‍ സെപ്തംബർ 20ന് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ല.

സ്റ്റാലിൻ ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാൻ സാധിക്കാത്തതെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി. തന്റെ അഭാവത്തില്‍ പരിപാടിയില്‍ പങ്കെടുക്കാൻ രണ്ട് മന്ത്രിമാരെ ചുമതലപ്പെടുത്തിയതായും സ്റ്റാലിൻ അറിയിച്ചിട്ടുണ്ട്.

ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉന്നത ഉദ്യോഗസ്ഥർക്കൊപ്പം ചെന്നൈയിലെത്തിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചത്. തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ. ശേഖർബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാരായ ഉമാനാഥ്, അനു ജോർജ്, ടൂറിസം, സാംസ്‌കാരിക, എൻഡോവ്‌മെന്റ് വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി കെ. മണിവാസൻ, കേരള ദേവസ്വംസെക്രട്ടറി എം.ജി. രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ പി. സുനില്‍ കുമാർ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത്. കർണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാർ, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷനേതാവ്‌ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരാകുമെന്നാണ് വിവരം.