സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം : അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍.

ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവര്‍ ഉൾപ്പെടുന്നതാണ് ഈ പരിപാടി.

ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് “ജലമാണ് ജീവൻ’ ക്യാമ്പയിന് തുടക്കം കുറിച്ചത്. ഇതിനോടനുബന്ധിച്ച് ആഗസ്റ്റ് 30,31 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യാനും വീടുകളിലേയും സ്ഥാപനങ്ങളിലേയും വാട്ടർടാങ്കുകൾ വൃത്തിയാക്കാനുമുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. ഇതുവഴി അമീബിക് മസ്തിഷ്കജ്വരം ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശത്തെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും മുഴുവൻ വാട്ടർ ടാങ്കുകളും വൃത്തിയാക്കപ്പെട്ടിട്ടുണ്ടെന്നും ഉറപ്പുവരുത്തണം. ഇതോടൊപ്പം സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളും, പ്രദേശത്തെ ജലസ്രോതസ്സ് വൃത്തിയാക്കലും ഉൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങളും ഏറ്റെടുക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലിനമായ കുളങ്ങൾ, പുഴകൾ എന്നിവയ്ക്കു പുറമെ കിണറുകളിലും വൃത്തിയാക്കാത്ത വാട്ടർ ടാങ്കുകളിലും ഈ അമീബയുടെ സാന്നിദ്ധ്യമുണ്ടെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിവരുന്ന മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. ഈ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നതിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ വഹിച്ച പങ്കിനെ മന്ത്രി അഭിനന്ദിച്ചു.

ക്യാമ്പയിൻ പ്രവർത്തനങ്ങൾ കൃത്യതയോടെ ആസൂത്രണം ചെയ്ത്, സമയബന്ധിതമായും ജനകീയമായും നടപ്പാക്കുന്നതിന് ഭരണസമിതിയുടെ സജീവ നേതൃത്വം ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.