
തിരുവനന്തപുരം: സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ച് പരാതിക്കാരനായ മുഹമ്മദ് ഷർഷാദ്. സിപിഎമ്മിനെയോ പാർട്ടി സെക്രട്ടറിയെയോ നേതാക്കളെയോ അപമാനിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് ഷര്‍ഷാദ് പറയുന്നത്. പാർട്ടി സെക്രട്ടറിയുടെ മകനിൽ നിന്ന് കത്ത് ചോർന്നു എന്നാണ് സംശയമെന്നും സംശയം മാത്രമാണ്, പാർട്ടി കോൺഗ്രസിന് ശേഷം മറ്റു നേതാക്കൾ എല്ലാം രാജേഷ് കൃഷ്ണയിൽ നിന്ന് അകൽച്ച സൂക്ഷിച്ചിരുന്നു. മാധ്യമങ്ങളിൽ താൻ പറയുന്നതിന്റെ ചില ഭാഗങ്ങൾ മാത്രം വരുന്നത് കൊണ്ടാണ് ഇന്ന് വാർത്താസമ്മേളനം നടത്തുന്നതെന്നും ഷര്‍ഷാദ് പറഞ്ഞു.
രാജേഷ് കൃഷ്ണയെ പരിചയപ്പെടുത്തിയത് എം വി ഗോവിന്ദന്‍റെ മകനാണ്. കണ്ണൂർ പാർട്ടി കോൺഗ്രസിലേക്ക് ചില നേതാക്കൾ തന്നെ വിളിച്ചു വരുത്തി. അവിടെ പന്തലിൽവച്ച് രാജേഷ് കൃഷ്ണ എന്നെ മർദിച്ചു. എന്നാൽ കേസെടുക്കാൻ പൊലീസ് തയാറായില്ല. എം വി ജയരാജൻ എന്തെങ്കിലും വിളിച്ചു പറയരുത്. പാർട്ടിക്ക് കൊടുത്ത പരാതികൾ വായിച്ചു നോക്കണം. ഇപ്പോഴും പാർട്ടിയിൽ പ്രതീക്ഷയുണ്ട്. തോമസ് ഐസക്കുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റും രാജേഷ് കൃഷ്ണ കാണിച്ചിട്ടുണ്ട്. എനിക്ക് ലഭിച്ച വക്കീൽ നോട്ടീസിന് മറുപടി നൽകും എന്നും ഷര്‍ഷാദ് പറഞ്ഞു.
പിബിക്ക് മുഹമ്മദ് ഷർഷാദ് അയച്ച കത്ത് പുറത്തായത് വൻവിവാദമായതോടെയാണ് എം വി ഗോവിന്ദൻ നിയമ നടപടിയിലേക്ക് നീങ്ങിയിരുന്നു. ആക്ഷേപം പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഷർഷാദിന് എം വി ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഷർഷാദ് പിബിക്ക് പരാതി നൽകിയെന്ന് സ്ഥിരീകരിക്കുന്ന എം വി ഗോവിന്ദൻ ചോർച്ചക്ക് പിന്നിൽ തൻ്റെ മകനല്ലെന്നും ഷർഷാദ് തന്നെയാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്‍റെ മകൻ കത്ത് ചോർത്തിയെന്ന ആരോപണം പൊതു സമൂഹത്തിൽ തനിക്ക് അവമതിപ്പുണ്ടാക്കി. ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും, തെറ്റായ ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്നുമായിരുന്നു എം വി ഗോവിന്ദൻ നല്‍കിയ വക്കീൽ നോട്ടീസിലെ ആവശ്യം. മകന് പ്രതിരോധം തീർക്കുമ്പോഴും ഷർഷാദ് പരാതിയിൽ ഉന്നയിച്ച മറ്റ് നേതാക്കളുടെ സാമ്പത്തിക ഇടപാടിൽ ഗോവിന്ദൻ ഒന്നും പറയുന്നില്ല.