കുറയാത്ത ശരീരഭാരം; മാറാത്ത ക്ഷീണം; തൈറോയ്ഡിന്റെ ലക്ഷണങ്ങള്‍ നോക്കാം

Spread the love

ദിവസം എട്ടുമണിക്കൂറിലധികം രാത്രി ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലല്ലോ? ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ശരീരഭാരം കുറയുന്നില്ല, വല്ലാത്ത ഉത്കണ്ഠയും ആശങ്കയുമാണ്. ആര്‍ത്തവം ക്രമംതെറ്റുന്നതിന്റെ ദുരിതം പറഞ്ഞറിയിക്കാനേ വയ്യ, എന്താണ് ചെയ്യുക?

ഈ ലക്ഷണങ്ങള്‍ പല രോഗങ്ങള്‍ക്കും കാരണമായേക്കാം. എന്നാലും ഇതില്‍ ആദ്യം പരിഗണിക്കേണ്ടത് തൈറോയ്ഡിനുള്ള സാധ്യതയാണ്. കൃത്യമായി തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ സ്വീകരിച്ചാല്‍ പൂര്‍ണ്ണമായും പ്രതിരോധിച്ച് നിര്‍ത്താന്‍ കഴിയുന്ന അസുഖമാണ് ഇത്. ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

എന്താണ് തൈറോയ്ഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദയത്തിന്റെ വേഗത, കലോറികളുടെ ജ്വലനം തുടങ്ങിയവ ഉള്‍പ്പെടെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. ചിത്രശലഭത്തിന്റെ ആകൃതിയില്‍ കഴുത്തിന് താഴെയായാണ് ഈ ഗ്രന്ഥി കാണുന്നത്. തൈറോയ്ഡ് ഗ്രന്ഥിക്ക് ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തന വൈകല്യങ്ങള്‍ സംഭവിച്ചാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണിന്റെ അളവിലും വ്യതിയാനം സംഭവിക്കും. ഇങ്ങനെ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണിന്റെ (ടി 3, ടി 4) അളവ് കുറഞ്ഞുപോകുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. അമിതവണ്ണം, അമിതമായ ക്ഷീണം, വന്ധ്യത, മലബന്ധം, ശബ്ദത്തില്‍ പതര്‍ച്ച, അമിതമായ തണുപ്പ്, മുഖത്തും കാലിലും നീര്, മുടി കൊഴിയുക ഇവയാണ് ലക്ഷണങ്ങള്‍.

തൈറോയ്ഡ് ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഹൈപ്പര്‍തൈറോയിഡിസം. അമിത ക്ഷീണം, അമിതമായ വിശപ്പ്, ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, വിറയല്‍, അമിത വിയര്‍പ്പ്, ഉഷ്ണം സഹിക്കാനാവാതെവരിക, ആകാംക്ഷ, ഉറക്കക്കുറവ്, മാസമുറയിലെ വ്യതിയാനങ്ങള്‍, കണ്ണ് പുറത്തേക്ക് തള്ളിവരിക എന്നിവ ലക്ഷണങ്ങളാണ്.

ലക്ഷണങ്ങള്‍

അമിത ക്ഷീണം

ദിവസം എട്ട് മണിക്കൂറാണ് ആരോഗ്യകരമായ ഉറക്കത്തിനുള്ള സമയം. എന്നാല്‍ എട്ട് മണിക്കൂറിലധികം ഉറങ്ങിയിട്ടും ക്ഷീണം മാറാത്ത അവസ്ഥ ചിലപ്പോള്‍ തൈറോയ്ഡിന്റെ തകരാറുകള്‍ മൂലമായിരിക്കാം. തൈറോയ്ഡ് ഹോര്‍മോണുകളുടെ ഉത്പാദനം കൂടിയാലും കുറഞ്ഞാലും ക്ഷീണത്തിന് കാരണമാകും. എന്നാല്‍ അപൂര്‍വ്വമായി ഹൈപ്പര്‍തൈറോയിഡിസം ഉള്ള ചിലര്‍ പതിവിലേറെ ഊര്‍ജ്ജസ്വലതയുള്ളവരായും കാണപ്പെടാറുണ്ട്.

ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകള്‍

നന്നായി വ്യായാമം ചെയ്തിട്ടും, ഭക്ഷണത്തില്‍ കൃത്യമായ നിയന്ത്രണം പാലിച്ചിട്ടും ശരീരഭാരം കുറയാതെ വരുന്നുണ്ടെങ്കില്‍ തൈറോയ്ഡ്്് ഹോര്‍മോണിന്റെ സാന്നിദ്ധ്യത്തിലെ ഏറ്റക്കുറച്ചിലുകളാകാം. തൈറോയ്ഡ് ഹോര്‍മോണുകള്‍ കൂടിയാല്‍ ശരീരഭാരം കുറയുകയും ഹോര്‍മോണ്‍ കുറഞ്ഞാല്‍ ശരീരഭാരം കൂടുകയും ചെയ്യും.

അതിമ ഉത്കണ്ഠ

അമിതമായ ഉത്കണ്ഠ, വിഷാദം മുതലായവയെയും തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്വാധീനിക്കാറുണ്ട്. ഹൈപ്പോതൈറോയ്ഡ് ഉള്ളവരില്‍ വിഷാദവും ഹൈപ്പര്‍തൈറോയിഡിസമുള്ളവരില്‍ ഉത്കണ്ഠയുമാണ് പ്രധാനമായും കാണുന്നത്.

കൊളസ്‌ട്രോള്‍

ആഹാരവും വ്യായാമവുമെല്ലാം കൃത്യമായി പരിപാലിച്ചിട്ടും കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കില്‍ തൈറോയ്ഡിനെ സംശയിക്കണം. ഹൈപ്പോതൈറോയിഡുള്ളവരില്‍ ചീത്ത കൊളസ്‌ട്രോളായ എല്‍.ഡി.എല്ലും ട്രൈഗ്ലിസറൈഡുകളും ഉയര്‍ന്നുനില്‍ക്കും. നല്ല കൊളസ്‌ട്രോളായ എച്ച്.ഡി.എല്‍ കുറയുകയും ചെയ്യും. ചെറുപ്രായത്തിലെ കൊളസ്‌ട്രോള്‍ വര്‍ധന ശ്രദ്ധയില്‍ പെട്ടാലും തൈറോയ്ഡ് പരിശോധിക്കാം

പാരമ്പര്യം

തൈറോയ്ഡ് സംബന്ധമായ അസുഖങ്ങള്‍ക്ക് പാരമ്പര്യം ഒരു കാരണമാണ്. കുടുംബത്തില്‍ പിതാവ്, മാതാവ്, സഹോദരങ്ങള്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും തൈറോയ്ഡ് അസുഖങ്ങളുണ്ടെങ്കില്‍ മുന്‍കരുതലുകളെടുക്കേണ്ടത് അത്യാവശ്യമാണ്.

വന്ധ്യത

ക്രമം തെറ്റിയ ആര്‍ത്തവ ചക്രവും, അമിതരക്തസ്രാവത്തോടെയും അസഹ്യവേദനയോടുമുള്ള ആര്‍ത്തവവും തൈറോയ്ഡ് വ്യതിയാനങ്ങളുടെ സൂചനയായിരിക്കാം. മാത്രമല്ല ചിലപ്പോള്‍ ഇത് വന്ധ്യതയിലേക്കും നയിക്കാം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനം കൂടുന്നത് ഗര്‍ഭമലസുന്നതിനും ഭ്രൂണവളര്‍ച്ച കുറയുന്നതിനും കാരണമായേക്കാം.

ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍

ദീര്‍ഘകാലമായുള്ള മലബന്ധം, വയറിളക്കം, അനിയന്ത്രിതമായ ശോധന (ഇ.ബി.എസ്) എന്നിവയുടെ പ്രധാന കാരണങ്ങളിലൊന്ന് തൈറോയ്ഡിന്റെ ക്രമം തെറ്റിയ സാന്നിദ്ധ്യമാകാം.

ചര്‍മ്മപ്രശ്‌നങ്ങള്‍

മുടിയുടേയും ചര്‍മ്മത്തിന്റേയും സ്വാഭാവിക ആരോഗ്യത്തിന് തൈറോയ്ഡ്് ഹോര്‍മോണ്‍ അനിവാര്യമാണ്. തലമുടി ഇടയ്ക്കിടെ പൊട്ടിപ്പോവുക, വരളുക, ചര്‍മ്മം കട്ടിയുള്ളതും വരണ്ടതായും കാണപ്പെടുന്നതും നേര്‍ത്ത് ദുര്‍ബലമാകുന്നതും മുടികൊഴിച്ചിലും, തൈറോയ്ഡിന്റെ കാരണങ്ങളാകാം.

കഴുത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍

കഴുത്തില്‍ നീര്‍ക്കെട്ട്, ടൈയും മറ്റും കെട്ടുമ്പോള്‍ അസ്വസ്ഥത, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക എന്നിവ തൈറോയ്ഡ്്് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളാണ്. ഇതിന് പുറമെ സന്ധികളിലും പേശികളിലുമുണ്ടാകുന്ന വേദനയും തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമാണ്. കുട്ടികളില്‍ പൊക്കക്കുറവ്, പഠനവൈകല്യങ്ങള്‍ എന്നിവയും, ഹൈപ്പര്‍ ആക്റ്റിവിറ്റിയും തൈറോയ്ഡ് പ്രശ്‌നങ്ങള്‍ മൂലം വരാം.