രാഹുൽ സ്വമേധയാൽ രാജി വച്ചില്ലങ്കിൽ പാർട്ടി പുറത്താക്കും; കോണ്‍ഗ്രസ് കടുത്ത തീരുമാനത്തിലേക്ക്

Spread the love

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ നിന്ന് രാജിവയ്ക്കണമെന്ന നിലപാടിലുറച്ച്‌ കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കള്‍.ഇതോടെ രാഹുലിന് രാജി സമ്മർദ്ദമേറുകയാണ്. രാഹുല്‍ രാജിവയ്ക്കണമെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു.

ഇനിയും വെളിപ്പെടുത്തലുകള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ രാഹുല്‍ പദവിയില്‍ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്.

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ രാജി വച്ചാല്‍ ഉപതിരെഞ്ഞെടുപ്പ് വേണ്ടി വരുമോ എന്നതിലാണ് ഉപദേശം തേടുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ തുടരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. രാഹുല്‍ രാജി വച്ചില്ലെങ്കില്‍ പ്ലാൻ ബി ആയി പാർട്ടിയില്‍ നിന്ന് പുറത്താക്കുന്നതും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്നത് വിവരങ്ങള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാഹുലിന്റെ രാജിയെ എതിർക്കുന്ന ഒരു വിഭാഗവും കോണ്‍ഗ്രസിനുളളിലുണ്ട്. രാജിയുമായി ബന്ധപ്പെട്ട് രാഹുലിന്റെ അടൂരിലെ നെല്ലിമൂടുളള വീട്ടില്‍ ചർച്ചകള്‍ തുടരുകയാണ്. പാലക്കാട്ടെ നേതാക്കള്‍ രാഹുലുമായി ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

രാജിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തത വരുത്താനായി രാഹുല്‍ ഇന്നലെ വാർത്താസമ്മേളനം വിളിച്ചെങ്കിലും നേതാക്കള്‍ ഇടപെട്ട് വിലക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ ചില നിർണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് നേതാക്കള്‍ സൂചിപ്പിക്കുന്നത്.