നിങ്ങടെ കാര്യം വരുമ്പോൾ നിങ്ങള്‍ക്ക് ചൂടുണ്ടല്ലേ?; ഇതേവരെ പറഞ്ഞത് ഇതിനേക്കാളേറെ പ്രാധാന്യമുള്ള കാര്യമാണ്; കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സദസ്സിനോട് പ്രതികരിച്ച് മുഖ്യമന്ത്രി

Spread the love

കെഎസ്‌ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ബിജെപി സംസ്ഥാനത്ത് മേല്‍ക്കൈ നേടിയാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ അരമണിക്കൂറോളം പ്രസംഗിച്ചപ്പോള്‍ സദസ്സ് നിശ്ശബ്ദമായിരുന്നു. എന്നാൽ കെഎസ്‌ഇബിയുടെ കാര്യം പറഞ്ഞതോടെ കൈയ്യടി ഉയർന്നു. അപ്പോള്‍ മുഖ്യമന്ത്രിയുടെ സ്വരം മാറി: “നിങ്ങടെ കാര്യം വരുമ്പോൾ നിങ്ങള്‍ക്ക് ചൂടുണ്ടല്ലേ… ഇതേവരെ പറഞ്ഞത് ഇതിനേക്കാളൊക്കെ ഏറെ പ്രാധാന്യമുള്ള കാര്യമാണ്”-പിണറായി വിജയൻ പറഞ്ഞു.

അടുത്ത നിയമസഭാതിരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വെല്ലുവിളിയോട് പ്രതികരിച്ചപ്പോഴാണ് സദസ്സ് നിശ്ശബ്ദമായി കേട്ടിരുന്നത്. അവസാനം; “കെഎസ്‌ഇബിയെ സ്വകാര്യവത്കരണത്തിലേക്ക് എത്തിക്കുന്നതിനുള്ള പലവിധത്തിലുള്ള സമ്മർദങ്ങളാണ് വരുന്നത്. ആ സമ്മർദങ്ങള്‍ക്ക് വഴങ്ങാതിരിക്കാൻ കാരണം ഇവിടെ ഇടതുപക്ഷസർക്കാരാണ് ഉള്ളത്, ഇടതുപക്ഷത്തിന് കൃത്യമായ നിലപാട് ഉള്ളത് കൊണ്ടാണ്…”-ഇതുപറഞ്ഞ് തീർന്നതോടെ കൈയടി ഉയർന്നു. ഇതോടെ മുഖ്യമന്ത്രി ഇതുകൂടി പറഞ്ഞുവെച്ചു,. “നാടാകെ തകരുമ്പോൾ കെഎസ്‌ഇബി അവിടെ നില്‍ക്കില്ല. ഈ ധാരണയോടെ കാര്യങ്ങളെ കാണാൻ തയ്യാറാകണം’. എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.