പ്രതിയെ കസ്‌ററഡിയിലെടുത്തത് 12 നെന്ന് വാർഡ് മെമ്പർ ; തുടർന്നുള്ള നാല് ദിവസം എവിടെയെന്നുള്ളത് അജ്ഞാതം
സ്വന്തം ലേഖിക
ഇടുക്കി: വായ്പാതട്ടിപ്പ് കേസിലെ പ്രതി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് 12നാണെന്ന് നെടുങ്കണ്ടം ഒന്നാം വാർഡ് മെമ്പർ ആലീസ് തോമസ് പറഞ്ഞു. അന്ന് വൈകിട്ട് മൂന്നിന് പൊലീസിനെ ഏല്പിക്കുമ്പോൾ ആരോഗ്യവാനുമായിരുന്നു.പിന്നീടുള്ള നാല് ദിവസം രാജ് കുമാർ എവിടെയെന്നുള്ളത് അജ്ഞാതം. രാജ്കുമാറിന്റെ തൂക്കുപാലത്തുള്ള ഹരിത ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ഒരു ലക്ഷം രൂപ വായ്പ ലഭിക്കുന്നതിന് കോൺഗ്രസ് അംഗമായ ആലീസും പ്രാഥമിക ചെലവുകൾക്കായി 5,000 രൂപ നൽകിയിരുന്നു. വായ്പ ലഭിക്കാതെ വന്നപ്പോൾ നാട്ടുകാർ ഹരിത ഫിനാൻസിൽ തടിച്ചുകൂടി പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളംവച്ചു. ഈ സമയം പീരുമേട് ബാങ്കിൽ തന്റെ പേരിൽ നാല് കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും അതെടുത്ത് നാട്ടുകാരിൽ നിന്ന് പിരിച്ച പണം നൽകാമെന്നുമാണ് പറഞ്ഞത്. തുടർന്ന് പീരുമേട്ടിലെ ബാങ്കിൽ എത്തിയെങ്കിലും പറഞ്ഞത് കളവെന്ന് ബോദ്ധ്യപ്പെട്ടു. തിരികെ മടങ്ങുന്നതിനിടെ ഏലപ്പാറയ്ക്ക് സമീപത്ത് വാഹനത്തിലെത്തിയ ഒരു സംഘം രാജ്കുമാറിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദ്ദിച്ചെന്നും ആരോപണമുണ്ട്. ആലീസ് വിളിച്ചറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി രാജ്കുമാറിനെയും സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തത്. ആലീസ് ഇക്കാര്യം നെടുങ്കണ്ടം സ്റ്റേഷനിലെ ഒരു പൊലീസുകാരനോട് പറയുന്ന ശബ്ദരേഖ നേരത്തേ പുറത്തുവന്നിരുന്നു. ഈ സംഭാഷണത്തിൽ ഡീൻ കുര്യാക്കോസ് എം.പിയെയും ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിനെയും കുറിച്ച് മോശം പരാമർശം നടത്തിയതിനെ തുടർന്ന് ആലീസിനെ കോൺഗ്രസിൽ നിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയിരുന്നു.നെടുങ്കണ്ടം പഞ്ചായത്തിലെ അഞ്ച് വനിതാ യു.ഡി.എഫ് അംഗങ്ങളും കരുണാപുരത്തെ രണ്ടു മെമ്പർമാരും തട്ടിപ്പിന് ഇരയായി. ഇവർക്ക് അയ്യായിരം രൂപ വീതം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. ആലീസ് തോമസിന്റേതെന്ന് കരുതുന്ന ഫോൺസംഭാഷണത്തിൽ 5,000 രൂപയും ചെക്ക് ലീഫും ഹരിതാ ഫിനാൻസിന് നൽകിയതായി പറയുന്നുണ്ട്. അവിടെനിന്ന് ഒരു ലക്ഷം രൂപ വീതം വായ്പയെടുക്കാനാണ് ഉദ്ദേശിച്ചിരുന്നത്. നെടുങ്കണ്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാണി തോമസ്, അംഗങ്ങളായ ലൈലത്ത്, ഷാന്റി, എൽസി എന്നിവരാണ് പണം നഷ്ടപ്പെട്ട മറ്റുള്ളവർ. മെമ്പർമാരുടെ വാക്ക് വിശ്വസിച്ചാണ് മിക്കവരും ചെക്കും മുദ്രപ്പത്രങ്ങളും നൽകിയത്. കൂടുതൽ ജനപ്രതിനിധികൾ തട്ടിപ്പിനിരയായെന്നാണ് സൂചന.