
കൊച്ചി : വൈദ്യപരിശോധനയ്‌ക്ക് എത്തിച്ചപ്പോള്‍ ചാടിപ്പോയ മോഷണക്കേസ് പ്രതി പിടിയില്‍. തൃക്കാക്കര സ്റ്റേഷനില്‍ നിന്നും കളമശ്ശേരി മെഡിക്കല്‍ കോളെജില്‍ വൈദ്യപരിശോധനയ്‌ക്ക് എത്തിച്ച പ്രതി അസദുള്ള ആണ് ചാടിപ്പോയത്. പ്രതി ചാടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് അസദുള്ള.
മെട്രോ നിര്‍മാണം നടക്കുന്ന സ്ഥലത്ത് മോഷണം നടന്നതുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വൈദ്യ സഹായം ആവശ്യമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശം പ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഇയാൾ. ഇന്ന് എംആര്‍ഐ സ്‌കാന്‍ എടുക്കാന്‍ എത്തിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായി വ്യാപക തിരച്ചില്‍ നടത്തി വരവെയാണ് ഇയാള്‍ പിടിയിലായത്.